"ഫ്രാൻസിന്റെ കളി കാണാൻ അവരുടെ ആരാധകർക്ക് പോലും താത്പര്യം ഇല്ല"; തുറന്നടിച്ച് ഡാനിയൽ റിയോളോ

ഇപ്പോൾ നടക്കുന്ന യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഇറ്റലിയോട് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയായിരുന്നു ഫ്രാൻസ് സീസൺ ആരംഭിച്ചത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ വീണ്ടും വിജയത്തിന്റെ പാതയിലേക്ക് തിരികെ എത്തി ഫ്രാൻസ് പട. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ബെൽജിയത്തിനെ തോല്പിച്ചത്. കോലോ മുവാനി, ഡെമ്പലെ എന്നിവർ നേടിയ ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

മത്സരത്തിന്റെ തുടക്കത്തിൽ എംബപ്പേ കളിച്ചിരുന്നില്ല. രണ്ട് ഗോളിന്റെ ലീഡുകൾ നേടിയതിന് ശേഷമാണ് എംബാപ്പയെ പരിശീലകൻ ദിദിയർ ദെഷാപ്സ് കളിക്കളത്തിലേക്ക് ഇറക്കിയത്. മത്സരത്തിൽ ഉടനീളം കാണികൾ അദ്ദേഹത്തെ കൂവുകയും കളിയാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷനായ ഡാനിയൽ റിയോളോ സംസാരിച്ചു.

ഡാനിയൽ റിയോളോ പറയുന്നത് ഇങ്ങനെ:

“ഫ്രഞ്ച് ടീമിന്റെ കളി കാണുന്നത് ആരാധകരെ തന്നെ ബോറടിപ്പിക്കുന്ന ഒരു കാര്യമാണ്. അത് ദെഷാപ്സ് മനസ്സിലാക്കണം. ഒരുപാട് തവണ ഈ പരിശീലകനെ രക്ഷിച്ചത് എംബപ്പേയുടെ പ്രകടനമാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനവും ഇപ്പോൾ പരിതാപകരമാണ്. 2022 വേൾഡ് കപ്പിന് ശേഷം എംബപ്പേ ഒരു ശരാശരി താരം മാത്രമാണ്. നിലവിൽ ഫ്രഞ്ച് ടീമും എംബപ്പേയും പിറകോട്ട് നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടി വന്നതിൽ എനിക്ക് അത്ഭുതമൊന്നുമില്ല “ ഡാനിയൽ റിയോളോ പറഞ്ഞു.

എംബാപ്പയുടെ ഫോമിന്റെ കാര്യത്തിൽ ആശങ്കയിലാണ് ആരാധകർ. റയൽ മാഡ്രിഡിലും അദ്ദേഹം ഇത്രയും മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. ടീമിൽ നിന്നും ആരാധകരിൽ നിന്നും ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് നേരെ ഉയർന്ന് വരികയാണ്. ഈ വർഷം നടന്ന യൂറോ കപ്പിലും അദ്ദേഹത്തിന് ഒരു ഗോൾ മാത്രമാണ് നേടാനായത്. മികച്ച പ്രകടനം നടത്താൻ താരത്തിന് വരും മത്സരങ്ങളിൽ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read more