ഫുട്ബോളിലെ ബെറ്റിങ് കേസിൽ അകപ്പെട്ടിരിക്കുകയാണ് സൂപ്പർ താരമായ ലുകാസ് പക്കേറ്റ. വെസ്റ്റ്‌ഹാം യുണൈറ്റഡിനു വേണ്ടി 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മനപ്പൂർവ്വം യെല്ലോ കാർഡുകൾ വഴങ്ങി എന്നാണ് അദ്ദേഹത്തിന് നേരെ ഉയർന്ന് വരുന്ന ആരോപണം. അതിലെ അന്വേഷണം ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. താരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ആജീവനാന്തം ഫുട്ബോളിൽ നിന്ന് വിലക്ക് ലഭിച്ചേക്കാം.
എന്തായാലും ഈ വിഷയത്തിൽ ഒരു സ്റ്റേറ്റ്മെന്റ് പക്കേറ്റയുടെ ഭാഗത്ത് നിന്ന് പുറത്ത് വന്നിട്ടുണ്ട്. ഇത് വ്യാജമായ വർത്തയാണെന്നും, അന്വേഷണത്തിന്റെ വാർത്തകൾ ചോരുന്നുണ്ട് എന്നുമാണ് അദ്ദേഹം പറയുന്നത്.
പക്കേറ്റയുടെ സ്റ്റേറ്റ്മെന്റിൽ പറയുന്നത് ഇങ്ങനെ:
”തികച്ചും വ്യാജമായ കാര്യങ്ങളാണ് പത്രങ്ങളിൽ ഇതേക്കുറിച്ച് വരുന്നത്. ഇംഗ്ലീഷ് മാധ്യമങ്ങളിലും ബ്രസീലിയൻ മാധ്യമങ്ങളിലും വ്യാജമായ കാര്യങ്ങൾ വരുന്നു. അക്കാര്യത്തിൽ ഞാൻ കടുത്ത നിരാശനാണ്. ഫുട്ബോൾ അസോസിയേഷന്റെ അന്വേഷണം തികച്ചും രഹസ്യം ആയിരിക്കണം. കാരണം എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് അത് വളരെയധികം ഗൗരവമായതാണ്.
പക്കേറ്റ തുടർന്നു:
എന്നാൽ പല വിവരങ്ങളും അവിടെ നിന്നും ചോരുന്നുണ്ട്. അത് എന്റെ ഭാവി അപകടത്തിൽ ആക്കുകയാണ് ചെയ്യുന്നത്. എനിക്ക് നീതി ലഭിക്കുന്നത് ഇല്ലാതാകാൻ അത് കാരണമായേക്കും. അന്വേഷണത്തിന്റെ പല കാര്യങ്ങളും ഞാൻ പൊതുമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. എനിക്ക് മേൽ ചാർത്തപ്പെട്ട എല്ലാ കുറ്റങ്ങളും ഞാൻ നിഷേധിക്കുന്നു. എന്റെ നിരപരാധിത്യം തെളിയിക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ് ” പക്കേറ്റ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ.