ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. അമേരിക്കൻ ലീഗിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തി വരുന്നത്. ഇന്റർ മിയാമിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അവർ എംഎൽഎസ് ഷീൽഡ് സ്വന്തമാക്കുന്നത്. അത് മെസിയുടെ നേതൃത്വത്തിൽ നേടാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് അമേരിക്കൻ ആരാധകർ. അതിന് പിന്നാലെ ഈ സീസണിലെ പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നോമിനി ലിസ്റ്റ് എംഎൽഎസ് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാര പട്ടികയിൽ ഇടം നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.
18 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 15 അസിസ്റ്റുകളുമാണ് മെസി ടീമിനായി നേടിയിരിക്കുന്നത്. പരിക്ക് കാരണം അദ്ദേഹം ഒരുപാട് മത്സരങ്ങൾ പുറത്തായിരുന്നു. മെസ്സി ഇത്തവണത്തെ എംഎൽഎസ് എംവിപി അർഹിക്കുന്നില്ല എന്ന് മുൻ അമേരിക്കൻ താരമായ ട്വൽമാൻ പറഞ്ഞിട്ടുണ്ട്.
ട്വൽമാൻ പറയുന്നത് ഇങ്ങനെ:
“മെസിയുടെ അമേരിക്കൻ ലീഗിലെ കണക്കുകൾ അസാധാരണമാണ്. പക്ഷേ മയാമി കിരീടം നേടിയത് മെസി ഉണ്ടായിട്ട് മാത്രമല്ല. മെസി ഇല്ലാതെ കളിച്ച 9 മത്സരങ്ങളിൽ എട്ടിലും അവർ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെസ്സി ഇല്ലാതെ 12% മത്സരങ്ങൾ മാത്രമാണ് മയാമിക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നത്. പക്ഷേ ഈ വർഷം കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. മെസി ഇല്ലാതെ അതിജീവിക്കാൻ കഴിയും എന്ന് അവർ തെളിയിച്ചു. അതുകൊണ്ടുതന്നെ മെസിയുടെ ആ അവാർഡ് അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല ” ട്വൽമാൻ പറഞ്ഞു.
ലീഗിൽ അവസാന മത്സരത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് ഇന്റർ മിയാമി. കരുത്തരായ ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെയാണ് മെസിയും കൂട്ടരും നേരിടുക. ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് ഷീൽഡ് നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിക്കും.