ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ആ പേരിനോട് 100 ശതമാനവും നീതി പുലർത്തുന്ന താരമാണ് അദ്ദേഹം. സൗദി ലീഗിലെ അൽ നാസറിന് വേണ്ടിയായാലും, ദേശിയ ടീം ആയ പോർച്ചുഗലിന് വേണ്ടിയായാലും റൊണാൾഡോ ഇപ്പോൾ മിന്നും ഫോമിലാണ് ടീമിനെ നയിക്കുന്നത്.
അൽ നാസറിന് വേണ്ടി നാല് മത്സരങ്ങളാണ് അദ്ദേഹം ഈ സീസണിൽ കളിച്ചത്. അതിൽ നാല് ഗോളുകളും അദ്ദേഹം നേടി. പോർച്ചുഗൽ ടീമിന് വേണ്ടി ഇപ്പോൾ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകളും അദ്ദേഹം സ്വന്തമാക്കി. ഇന്നലെ സ്കോട്ലൻഡിനെതിരെ ഉള്ള മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചത് റൊണാൾഡോയുടെ മികവിലായിരുന്നു. ടീമിനായി വിജയ ഗോൾ നേടിയത് അദ്ദേഹമാണ്. തന്റെ ഫുട്ബോൾ കരിയറിൽ റൊണാൾഡോ 901 ഗോളുകളാണ് ഇത് വരെയായി നേടിയിരിക്കുന്നത്. താരത്തെ പ്രശംസിച്ച് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോയ് കീൻ രംഗത്ത് എത്തിയിരിക്കുകയാണ്.
റോയ് കീൻ പറയുന്നത് ഇങ്ങനെ:
“യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ 900 ഗോളുകൾ എന്ന നേട്ടത്തിൽ അദ്ദേഹം ഇപ്പോൾ എത്തിക്കഴിഞ്ഞു. പെനാൽറ്റി ഏരിയയിൽ നിങ്ങൾ ബോൾ എത്തിച്ചു കൊടുത്താൽ മതിയാകും, ക്രിസ്റ്റ്യാനോ അത് ഗോളടിച്ചിരിക്കും. ഇപ്പോഴും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ” റോയ് കീൻ പറഞ്ഞു.
നിലവിൽ ഏറ്റവും മികച്ച ഫോമിലാണ് റൊണാൾഡോ ഉള്ളത്. ഈ സീസണിൽ ആകെ ആറ് മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്, അതിൽ നിന്ന് ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇനി തന്റെ കരിയറിൽ 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.