സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് എല്ലാ തവണത്തേയും പോലെ ഇത്തവണയും ഗംഭീര പ്രകടനമാണ് നടത്തി വരുന്നത്. ലാലിഗയിൽ അവർ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഒന്നാം സ്ഥാനത്ത് കരുത്തരായ ബാഴ്സിലോണയാണ്. നിരവധി സൂപ്പർ താരങ്ങളാണ് ഇത്തവണ റയലിന് വേണ്ടി കളത്തിലേക്ക് ഇറങ്ങുന്നത്. അവരുടെ മികവ് ടീമിന് ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ടീമിലെ താരങ്ങൾക്ക് പലപ്പോഴായി കളിക്കളത്തിലും, മത്സരശേഷവും ആരാധകരുടെയും പല മുൻ താരങ്ങളുടെയും പക്കൽ നിന്ന് വംശീയമായ അധിക്ഷേപങ്ങൾ കേൾക്കാൻ ഇടയായിട്ടുണ്ട്. എന്നാൽ ഇത്തവണ റയൽ മാഡ്രിഡ് താരങ്ങൾക്കെതിരെ വംശീയമായി അധിക്ഷേപിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ വലൻസിയ പ്രസിഡന്റ് ആയ പാക്കോ റോയ്ഗ്.
പാക്കോ റോയ്ഗ് പറയുന്നത് ഇങ്ങനെ:
”മുൻപ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇതിനെല്ലാം കാരണക്കാരൻ വിനീഷ്യസാണ്. റയൽ മാഡ്രിഡിന് ഞാൻ റയൽ ഇമിഗ്രൻസ് എന്നാണ് വിളിക്കുക. കുടിയേറ്റക്കാരുടെ ടീമായി മാറിയിട്ടുണ്ട് അവർ. 8 കറുത്ത വംശജരാണ് അവിടെ കളിക്കുന്നത്. രണ്ട് വെള്ളക്കാരായ വിദേശ താരങ്ങളും ഒരു സ്പാനിഷ് താരവും മാത്രമാണ് അവിടെയുള്ളത്. വിനീഷ്യസ് ഒരുപക്ഷേ മികച്ച താരമായിരിക്കാം. പക്ഷേ ഒരു വൃത്തികെട്ട വ്യക്തിയാണ് അദ്ദേഹം ” പാക്കോ റോയ്ഗ് പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ പ്രസ്താവന വൻതോതിൽ വിവാദമായിട്ടുണ്ട്. മുൻപും അദ്ദേഹം ഒരുപാട് താരങ്ങൾക്കെതിരെ ഇത്തരം വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു മുൻപ് വിനിഷ്യസിന് നേരെ വംശീയമായി അധിക്ഷേപിച്ചതിൽ അത് കേസ് ആവുകയും, ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് വലൻസിയ ആരാധകർക്ക്.