ക്ലബ് ലെവലിൽ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റ് ആണ് ഫിഫ ക്ലബ് ലോകകപ്പ്. അടുത്ത വർഷം ജൂൺ മാസത്തിലാണ് ഈ ടൂർണമെന്റ് അരങ്ങേറുക. 32 ടീമുകളാണ് ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുന്നത്. ഫുട്ബോൾ ലോകത്തെ പല വമ്പൻ ക്ലബ്ബുകളും ഈ ക്ലബ്ബ് വേൾഡ് കപ്പിൽ ഏറ്റുമുട്ടുന്നുണ്ട്.
ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ റയൽ മാഡ്രിഡിന്റെ കൂടെ ക്ലബ് ലോകകപ്പിൽ കളിക്കാൻ ആഗ്രഹം ഉണ്ടെന്ന് ഫിഫയ്ക്ക്
നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
റൊണാൾഡോ നസാരിയോ പറയുന്നത് ഇങ്ങനെ:
“ഈ കോമ്പറ്റീഷനിൽ റയൽ മാഡ്രിഡിനോടൊപ്പം കളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് പ്രായമേറിപ്പോയി. ഇത് ഒരു കിടിലൻ കോമ്പറ്റീഷൻ തന്നെയായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഒരു വേൾഡ് കപ്പ് പോലെ ക്ലബ്ബുകൾ കളിക്കുന്നു എന്നത് മനോഹരമായിരിക്കും”
റൊണാൾഡോ നസാരിയോ തുടർന്നു:
“തീർച്ചയായും അമേരിക്ക ഒരു മികച്ച രാജ്യമാണ്. ഒരുപാട് നിക്ഷേപങ്ങൾ അവർ ഫുട്ബോളിൽ നടത്തുന്നുണ്ട്. ആതിഥേയ രാജ്യമാകാൻ അവർക്ക് അർഹതയുണ്ട്. തീർച്ചയായും ഒരു മികച്ച കോമ്പറ്റീഷൻ തന്നെ അവർ ഒരുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം “ റൊണാൾഡോ നസാരിയോ പറഞ്ഞു.