സ്പാനിഷ് ലീഗിലെ കടുത്ത ശത്രുതയുടെ കഥ മറന്ന് പിഎസ്ജിയിലെ സഹതാരവും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസിയെ ഒരുമിച്ച് താമസിക്കാന്‍ ക്ഷണിച്ച് പ്രതിരോധ നിരയിലെ കരുത്തന്‍ സെര്‍ജിയോ റാമോസ്. ബാഴ്‌സലോണയ്ക്കായി രണ്ടു പതിറ്റാണ്ട് പന്തു തട്ടിയ മെസിയും റയല്‍ മാഡ്രിഡിന്റെ പ്രതിരോധം ഏറെക്കാലം കാത്ത റാമോസും കളത്തിലെ വലിയ വൈരികളായാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. ഇരു താരങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി അവസാനിക്കുന്നതിന്റെ സൂചനയാണ് മെസിയെ അതിഥിയാക്കാനുള്ള റാമോസിന്റെ തീരുമാനം.
ബാഴ്‌സ വിട്ട് പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ട മെസിക്ക് സ്ഥിരംതാമസത്തിന് വീട് ഇതുവരെ ലഭിച്ചിട്ടില്ല. പാരീസിലെ ഒരു ഹോട്ടലിലാണ് മെസി താമസിക്കുന്നത്. ചാംപ്‌സ് എല്ലിസീസിനു സമീപത്തെ ഹോട്ടലിലാണ് റാമോസും താമസിച്ചിരുന്നത്. പിന്നീട് എയ്ഞ്ചല്‍ ഡി മരിയയും മാര്‍ക്വീനോസുമെല്ലാം തങ്ങുന്ന ന്യൂലി സര്‍ സെയ്ന്‍ മേഖലയിലെ വീട്ടിലേക്ക് റാമോസ് മാറി. ഈ വീട്ടിലേക്കാണ് മെസിയെയും കുടുംബത്തെയും റാമോസ് ക്ഷണിച്ചത്. എന്നാല്‍ റാമോസിന്റെ ആതിഥ്യം സ്വീകരിക്കാന്‍ മെസി സന്നദ്ധനാണോ എന്നറിയില്ല.
ലാ ലിഗയിലെ എല്‍ ക്ലാസിക്കോകളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ മെസിയും റാമോസും പലതവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മെസിയെ ഫൗള്‍ ചെയ്തതിന് രണ്ടു തവണ റാമോസിന് ചുവപ്പ് കാര്‍ഡ് വാങ്ങേണ്ടി വന്നിരുന്നു. കൈയാങ്കളിയിലേക്ക് നീങ്ങിയേക്കാവുന്ന തരത്തിലെ ഉരസലുകളും രണ്ടുംപേരും തമ്മിലുണ്ടായിട്ടുണ്ട്. എന്നാല്‍ പിഎസ്ജിയില്‍ മെസിയും റാമോസും ഒരുമിച്ചു കളിക്കുന്നത് കാണാന്‍ ഫുട്‌ബോള്‍പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.