ബിബിസിയെ ഒഴിവാക്കും, വന്‍ അഴിച്ചു പണിയ്ക്കൊരുങ്ങി റയല്‍

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ടീമില്‍ വന്‍ അഴിച്ചു പണിക്കൊരുങ്ങുന്നു. ബിബിസിയ്ക്ക് പകരം മുന്നേറ്റ നിരയില്‍ നെയ്മര്‍-ഹസാര്‍ഡ്-ലവന്‍ഡോസ്‌കി ത്രയത്തെ എത്തിക്കാനൊരുങ്ങുകയാണ് ക്ലബ് പ്രസിഡന്റ് ഫ്‌ലോറെന്റീനോ പെരസ് എന്നാണ് വാര്‍ത്തകള്‍.

റൊണാള്‍ഡോ-ബെയ്ല്‍-ബന്‍സെമ സഖ്യത്തിന് അധിക കാലം ഫോമില്‍ തുടരാന്‍ കഴിയില്ല എന്നാണ് റയലിന്‍റെ വിലയിരുത്തല്‍. ഇതോടെ സമീപഭാവിയില്‍ തന്നെ ചെറുപ്പക്കാരായ, കരുത്തരായ മുന്നേറ്റതാരങ്ങളെ സ്വന്തമാക്കി ടീമിന്റെ മൊത്തത്തിലുള്ള അഴിച്ചുപണിക്കായാണ് റയല്‍ ലക്ഷ്യമിടുന്നത്.

അതാതു കാലഘട്ടങ്ങളിലെ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് നടത്തുന്ന പോരാട്ടമാണ് റയല്‍ വര്‍ഷങ്ങളായി പിന്തുടരുന്നത്. ഒരു ദശാബ്ദത്തിന് മുമ്പ് ലൂയിസ് ഫിഗോ,സിനദിന്‍ സിദാന്‍,റൊണാള്‍ഡൊ ,ബെക്കാം എന്നീ ഇതിഹാസ താരങ്ങളേ ക്ലബ് സ്വന്തമാക്കി. പിന്നീട് കക്ക,ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ,ബന്‍സെമ,ബെയ്ല്‍ എന്നീ താരങ്ങളേയും റയല്‍ ക്ലബ്ബില്‍ എത്തിച്ചു.

നിലവിലെ സാഹചര്യത്തില്‍ പി.എസ്.ജി സ്‌ട്രൈക്കര്‍ നെയ്മറല്ലാതെ മറ്റൊരു ഓപ്ക്ഷന്‍ റൊണാള്‍ഡോയ്ക്ക് പകരം റയലിന് കണ്ടെത്താന്‍ കഴിയില്ല. 25 കാരനായ നെയ്മര്‍ ക്ലബ്ബില്‍ റൊണാള്‍ഡോയ്ക്ക് പകരക്കാരനാകുമെന്നാണ് കരുതപ്പെടുന്നത്. പൊന്നും വിലയുള്ള ബ്രസീലിയന്‍ സ്‌ട്രൈക്കറെ സ്വന്തമാക്കണമെന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല റയലിന്.

റയല്‍ ബര്‍ണാബുവില്‍ എത്തിക്കാനുദ്ദേശിക്കുന്ന മറ്റൊരാള്‍ ചെല്‍സിയുടെ കുന്തമുനയായ ഈഡന്‍ ഹസാര്‍ഡാണ്. ചെല്‍സിയില്‍ തകര്‍പ്പന്‍ ഫോമിലുള്ള താരത്തെ റയലിലേക്കെത്തിക്കാന്‍ വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടതായി വരില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.മാത്രവുമല്ല റയല്‍ പരിശീലകന്‍ സിദാന്റെ് പ്രിയപ്പെട്ട കളിക്കാരില്‍ ഒരാളുകൂടെയാണ് ഹസാര്‍ഡ്. ചെല്‍സിയിലെ താരത്തിന്റെ കരാര്‍ 2020 ല്‍ അവസാനിക്കും. ക്ലബ്ബുമായി കരാര്‍ പുതുക്കാത്തതും റയലിന് പ്രതീക്ഷ നല്‍കുന്നതാണ്.

Read more

ബന്‍സെമയ്ക്ക് പകരക്കാരനായി റയല്‍ ലക്ഷ്യം വയ്ക്കുന്നത് റോബാര്‍ട്ട് ലവന്‍ഡോസ്‌കിയെയാണ്.ബയണ്‍ മ്യൂണിക്ക് താരത്തെ സ്വന്തമാക്കാന്‍ പെരസ്സ് കാലം കുറച്ചായി ശ്രമിക്കുകയാണ്. ലവന്‍ഡോസ്‌കിയെ കൂടാതെ ടോട്ടന്‍ ഹാമിന്റെ ഹാരി കെയ്‌ന്റെയും അര്‍ജന്റീനന്‍ താരമായ ഇക്കാര്‍ഡിയുടെ പേരും റയലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.