ചാമ്പ്യന്‍സ് ലീഗ് തോറ്റ് പുറത്തായതിന് പിന്നാലെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡില്‍ പൊട്ടിത്തെറി. ഡച്ച് ക്ലബ്ബ് അയാക്‌സിനോട് സ്വന്തം തട്ടകത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതോടെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് പുറത്തായിരിരുന്നു. ഇതോടെ, ടീമിനകത്തും പുതിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് സൂചനകള്‍.
പരിശീലക സ്ഥാനത്ത് നിന്ന് സാന്റിയാഗോ സൊളാരിയെ നീക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഈ സീസണില്‍ ബാക്കിയിലുള്ള മത്സരങ്ങള്‍ക്ക് ജോസ് മൊറീഞ്ഞോയെ കൊണ്ടു വരാനാണ് റയല്‍ മാഡ്രിഡ് ആലോചിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം പുതിയ താവളം തേടുന്ന മൊറീഞ്ഞോ ഇതിന് അനൂകൂലമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ലിവര്‍പൂള്‍ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പിനെയും റയല്‍ മാഡ്രിഡ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ കിരീടത്തിലേക്ക് നയിക്കുന്ന ക്ലോപ്പ് ആന്‍ഫീല്‍ഡ് വിടുമെന്ന കാര്യം സംശയമാണെങ്കിലും ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ ഇക്കാര്യം തള്ളിക്കളയാന്‍ തയ്യാറല്ല.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് മാറിയതോടെ ഈ വിടവ് നികത്താന്‍ പോന്ന കളിക്കാരെ റയല്‍ മാഡ്രിഡിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനിടയില്‍ അയാക്‌സിനോട് തോറ്റതിന് ശേഷം നടത്തിയ ടീം യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോരന്റിനോ പെരസ് തോല്‍വിയില്‍ കടുത്ത അതൃപ്തി അറിയിക്കുകയും ടീം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ വിമര്‍ശിക്കുകയും ചെയ്തു. താരങ്ങള്‍ക്ക് ടീമിനോട് ആത്മാര്‍ത്ഥതയില്ലെന്ന് ഡ്രസിംഗ് റൂമില്‍ ചെന്ന് പെരസ് കുറ്റപ്പെടുത്തിയതായും ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 വരെ റയലുമായി കരാറുള്ള റാമോസ് പെരസിനോട് തട്ടിക്കയറിയെന്നാണ് സൂചന.
ഇതിനിടയില്‍ പ്രതിരോധ താരം മാഴ്‌സെലോ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് കൂടു മാറിയെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. റൊണാള്‍ഡോയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന മാഴ്‌സെലോ താന്‍ ക്ലബ്ബ് വിടുകയാണെങ്കില്‍ അത് യുവന്റിസിലേക്കാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത് സൂപ്പര്‍ പരിശീലകന്‍ സിനദിന്‍ സിദാനും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ടീം വിട്ടതോടെ തുടങ്ങിയതാണ് റയല്‍ മാഡ്രിഡിന്റെ കനത്ത പ്രതിസന്ധി. പിന്നാലെ പരിശീലകനായി വന്ന ലോപെടുയിക്കും നിലവിലെ പരിശീലകനായ സ്‌കൊളാരിക്കും ടീമിനെ സൂപ്പര്‍ താരങ്ങള്‍ പോയ ഹാങ്ങ് ഓവറില്‍ നിന്ന് ഇതുവരെ മുക്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇക്കുറി പതനത്തോടെയാണ് സീസണ്‍ തുടങ്ങിയതെങ്കിലും ചാമ്പ്യന്‍സ് ലീഗിലായിരുന്നു ടീമിന്റെ പ്രതീക്ഷകള്‍.
എന്നാല്‍, അയാക്സ് ആംസ്റ്റര്‍ഡാമിനോട് സ്വന്തം തട്ടകത്തില്‍ നാണം കെട്ട തോല്‍വി വഴങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായി. ലീഗ് ചാമ്പ്യന്‍മാരാകുമെന്ന പ്രതീക്ഷ അസ്തമിച്ച റയലിന് ബദ്ധവൈരികളായ ബാഴ്സയുമായി നടന്ന മത്സരങ്ങളിലെല്ലാം അമ്പേ പരാജയമായതും പ്രതിസന്ധിയിലേക്ക് നയിച്ചു.
ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്ക് ശേഷം ഇപ്പോഴിതാ ടീമിലെ സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു. മാഴ്സെലോ, ടോണി ക്രൂസ്, ഗെരത് ബെയില്‍, ഇസ്‌കോ എന്നിവരാണ് ക്ലബ്ബ് വിടാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാഴ്സെലോ യുവന്റസിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. ടോണി ക്രൂസിനെ മാഞ്ചസ്റ്റര്‍ സിറ്റി ക്രൂസിനായി ശ്രമം ആരംഭിച്ചുവെന്നാണ് സൂചന.
റയല്‍ മാഡ്രിഡ് ആരാധകര്‍ക്കിടയില്‍ സ്വീകാര്യത കുറഞ്ഞതും കടുത്ത വിമര്‍ശനങ്ങളുമാണ് ബെയിലിനെ ബെര്‍ണാബ്യു വിടാന്‍ പ്രേരിപ്പിക്കുന്നത്. റൊണാള്‍ഡോ പോയതിന് ശേഷം ടീമില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള താരത്തിന് പക്ഷേ ടീമിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. സിദാന് കീഴില്‍ അവസരങ്ങള്‍ കുറവായിരുന്നുവെങ്കിലും പിന്നീട് വന്ന രണ്ട് പരിശീലകരും ബെയിലിന് അവസരങ്ങള്‍ വാരിക്കോരി നല്‍കിയെങ്കിലും ടീമിനെ കരകയറ്റാന്‍ ബെയിലിന് സാധിക്കുന്നില്ല. ഇതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്. ഏത് ക്ലബ്ബിലേക്കാകും താരം മാറുക എന്നതിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നും വന്നിട്ടില്ല.
അവസരങ്ങളില്ലാത്തതാണ് പ്ലേമേക്കര്‍ ഇസ്‌ക്കോയ്ക്കും വിനയാകുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാനാണ് ഇസ്‌കോ ഉദ്ദേശിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.