ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രതിസന്ധിക്കു കാരണം വെളിപ്പെടുത്തി ഐഎം വിജയന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രശ്‌നം വെൡപ്പെടുത്തി മലയാളി ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. ഐഎസ്എല്ലില്‍ ഇതുവരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ടീം ഗെയിമുണ്ടായിരുന്നില്ലെന്നാണ് ഐഎം വിജയന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള തിരിച്ചടികള്‍ക്കു കാരണമായി പറഞ്ഞത്. മികച്ച ടീമായിട്ടും മ്യൂലന്‍സ്റ്റീന്‍ പലകാര്യങ്ങളിലും പരാജയമായിരുന്നു. ടീമിന്റെ മുഖ്യ പരിശീലകനാകുമ്പോള്‍ സഹ പരിശീലകന്റെ കാര്യങ്ങളല്ല ചെയ്യേണ്ടത്. വിജയന്‍ കൂട്ടിച്ചേര്‍ത്തു.

നാലഞ്ച് മാസം മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും പരിശീലകനെ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. അസിസ്റ്റന്റ് കോച്ചായിരുന്നയാളെ പ്രധാന കോച്ചാക്കിയപ്പോള്‍ വേണ്ട കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റും ശ്രദ്ധിച്ചിരുന്നില്ല. ഓരോ കളിക്കാരനെയും പ്രത്യേകമായി എടുത്ത് ഉപയോഗിക്കാന്‍ കോച്ചിന് അറിയണം. ഹ്യൂമിനെ പോലെയൊരാളെ എക്സ്ട്ര് ടൈമിലിറക്കിയും മറ്റും കളിപ്പിക്കുന്നത് കളിക്കാരന്റെ ആത്മവിശ്വാസത്തെയാണ് ബാധിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ കളികണ്ടാല്‍ ടീമിന് ഒത്തൊരുമയില്ലെന്ന് തോന്നും. ടീമിന് ഫിറ്റ്നസ് ഇല്ല. കളി പകുതിയാകുമ്പോഴേക്കും ഓടാന്‍ പോലുമാകാതെ കളിക്കാര്‍ തളരുന്നു. ടീമിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. ഒരു ടീം ഗെയിം പ്ലാന്‍ ചെയ്യാന്‍ കോച്ചിന് കഴിഞ്ഞിരുന്നില്ല. ടീമിന് സംഭവിച്ച ഏറ്റവും വലിയ പ്രശ്നമതാണ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ വിഷമിക്കേണ്ടതില്ലെന്നും വിജയന്‍ പറഞ്ഞു. നല്ല കളിക്കാര്‍ ഇപ്പോഴും ടീമിലുണ്ട്. നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. രണ്ട് കളി ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനുള്ള എല്ലാസാധ്യതയുണ്ടെന്നും ഐഎം വിജയന്‍ അഭിപ്രായപ്പെട്ടു.