റഫറി കളിക്കാരനെ തൊഴിച്ചു, പിന്നെ ചുവപ്പ് കാര്‍ഡും നല്‍കി

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും നാന്റസും തമ്മില്‍ നടന്ന മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നാന്റസിന്റെ കളിക്കാരനെ റഫറി ചവുട്ടി വീഴ്ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്തു. മത്സരത്തിന്റെ തൊണ്ണൂറ്റൊന്നാം മിനുട്ടിലായിരുന്നു സംഭവം.

ഓടുന്നതിനിടയില്‍ നാന്റസിനെ കളിക്കാരന്‍ ദിയാഗോ കാര്‍ലോസിന്റെ ദേഹത്ത് തട്ടി വീഴുകയായിരുന്നു ടോണി ചാപ്രണ്‍ എന്ന റഫറി. ഉടന്‍തന്നെ റഫറി കളിക്കാരനെ തിരിച്ചും തൊഴിച്ചാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്.

ഇതിനെതിരെ പ്രതികരിച്ചതിന് കാര്‍ലോസിന് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും നല്‍കി റഫറി പുറത്താക്കുകയും ചെയ്തു.

നാന്റസ് കളിക്കാര്‍ റഫറിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കാര്‍ലോസിനു മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ റഫറി നല്‍കിക്കഴിഞ്ഞിരുന്നു. ടോണി ചാപ്രോണിനെ വിലക്കണമെന്ന ആവശ്യവുമായി നാന്റസ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. റഫറി നടപടി നേരിടേണ്ടി വരുമെന്ന് എന്തായാലും ഉറപ്പാണു.