യുവതലമുറയ്ക്ക് നല്ല മാതൃകകളായിരിക്കാന്‍ ശരീരത്തില്‍ പച്ച കുത്തുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കി കൊള്ളാന്‍ രാജ്യത്തെ ഫുട്ബോള്‍ താരങ്ങളോട് ചൈന. വരച്ച പച്ചക്കുത്തുകള്‍ മായ്ച്ചു കളയാനും പച്ച കുത്തിയ പുതിയ താരങ്ങളെ ടീമിലെടുക്കേണ്ടെന്നും ചൈനയിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്പോര്‍ട്ട് നിര്‍ദേശിച്ചിരിക്കുകയാണ്. നേരത്തേ ശരീരത്ത് പച്ചക്കുത്ത് നടത്തിയിട്ടുള്ള താരങ്ങളോട് അത് മായിച്ച് മികച്ച മാതൃക സൃഷ്ടിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതുപോലെ തന്നെ പുതിയതായി ടീമില്‍ എത്താന്‍ കാത്തിരിക്കുന്ന അണ്ടര്‍ 23 ദേശീയ ടീമിന്റെ ഭാഗമായ കളിക്കാരോട് പുതിയ ടാറ്റൂ പതിയ്ക്കരുതെന്ന് കട്ടായം പറഞ്ഞിട്ടുണ്ട്. ഇവരില്‍ ആരെങ്കിലൂം ടാറ്റൂ ഇതിനകം പതിച്ചിട്ടുണ്ടെങ്കില്‍ അവരും മായ്ച്ചു കളയേണ്ടി വരും.
മതപരമായതോ കുടുംബപരമായതോ ആയ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിലാണ് കളിക്കാര്‍ പച്ച കുത്തിയതെങ്കില്‍ അത് കളിക്കാനോ പരിശീലനത്തിനോ ഇറങ്ങുമ്പോള്‍ കളിക്കാര്‍ അവ മറയ്ക്കുകയും ചെയ്യണം. നിയമം അനേകം കളിക്കാരെയാണ് കുടുക്കിലാക്കിയിരിക്കുന്നത്.
ചൈനീസ് ക്ലബ്ബായ ഗുവാന്‍സു എഫ്സി താരമായ സാംഗ് ലിന്‍പെംഗ് ശരീരം മുഴുവന്‍ പച്ചകുത്തിയ താരമാണ്. ഇദ്ദേഹം ഉള്‍പ്പെടെ ശരീരത്ത് പുറമേ കാണുന്ന ഭാഗത്ത് പച്ചകുത്തിയിട്ടുള്ള പലരും അത് ടേപ്പ് ഉപയോഗിച്ച് മറയ്ക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്.
പച്ചകുത്ത് ദേശീയ ടീമില്‍ നിന്നും പുറത്താകാന്‍ കാരണമാകുമോ എന്ന ആശങ്കയൂം അനേകം യുവതാരങ്ങള്‍ക്കുണ്ട്. കളിക്കാരില്‍ രാജ്യസ്നേഹം കുത്തിവെയ്ക്കാന്‍ ആശയപരമായതും രാഷ്ട്രീയപരമായുമുള്ള വിദ്യാഭ്യാസം നല്‍കാന്‍ കൂടി തയ്യാറെടുക്കുകയാണ് ചൈന.