ഇതാണ് ട്രൂ ലെജന്റ്; റൊണാള്‍ഡീഞ്ഞോയുടെ നന്ദി പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

കരിയില കിക്കിന്റെ രാജകുമാരന്‍. റൊണാള്‍ഡീഞ്ഞോ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ട് കാലം മൈതാനങ്ങളില്‍ ഫുട്‌ബോളിനോട് പ്രണയത്തില്‍ മാത്രമായിരുന്ന റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചതോടെ അത്തരമൊരു കളിരീതി ഇനി വരാനിരിക്കുന്നതേയൊള്ളൂ.

2002ല്‍ ബ്രസീലിന് ലോകകപ്പും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും രണ്ടു സ്പാനിഷ് കിരീടങ്ങളും നേടിയ റൊണാള്‍ഡീഞ്ഞോ 2004 ലും 2005 ലും ലോകഫുട്ബോളര്‍ പുരസ്‌ക്കാരം നേടി.

2015 മുതല്‍ കളിക്കളത്തില്‍ സജീവമല്ലാത്ത താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഡീഞ്ഞോയുടെ ഏജന്റ് കൂടിയായ സഹോദരന്‍ റോബര്‍ട്ടോ അസീസാണ് പുറത്തു വിട്ടത്. വിരമിക്കല്‍ പ്രഖ്യാപനം വന്നത് മുതല്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെടക്കമുള്ള സൂപ്പര്‍ താരങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും ആശംസകളുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍, റിട്ടയര്‍മെന്റ് തീരുമാനത്തിന് ശേഷം റൊണാള്‍ഡീഞ്ഞോയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സാധാരണ താരങ്ങള്‍ വിരമിച്ച ശേഷം നന്ദിയറിക്കുന്നതില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് ഡീഞ്ഞോ നന്ദിയറിച്ചിരിക്കുന്നത്. സഹതാരങ്ങള്‍ക്കും മാനേജ്‌മെന്റിനും ഡയറക്ടര്‍ ബോര്‍ഡിനും ക്ലബ്ബിനും പരിശീലകര്‍ക്കും നന്ദിയറിച്ചതോടൊപ്പം ടീമിന്റെ ബസ് ഡ്രൈവര്‍ക്കും ബോള്‍ ബോയ്്‌സിനും വരെ നന്ദി പറഞ്ഞാണ് റൊണാള്‍ഡീഞ്ഞോ ക്ലാസ് തെളിയിച്ചിരിക്കുന്നത്.

ഡീഞ്ഞോയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

https://www.instagram.com/p/BeEc4FpHjdZ/?hl=en&taken-by=ronaldinho