റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു

കളി മികവിലും സൗന്ദര്യത്തിലും ലോക ഫുട്‌ബോളില്‍ പുതിയ ഇടം കണ്ടെത്തിയ കളിക്കുടമ റൊണാള്‍ഡീഞ്ഞോ കളി മതിയാക്കി. പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നും റൊണാള്‍ഡീഞ്ഞോ വിരമിച്ചതായി താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ് സ്ഥിരീകരിച്ചു. 2015 മുതല്‍ സജീവ ഫുട്‌ബോള്‍ രംഗത്തില്ലെങ്കിലും വിരമിക്കല്‍ ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കളിയുടെ സൗന്ദര്യശാസ്ത്രത്തില്‍ പുതുമയുള്ള മുഖവുമായി കരിയിലകിക്കിലൂടെ കടന്നുവന്ന റൊണാള്‍ഡീഞ്ഞോ തന്റെ കളിമികവ് കൊണ്ട് അതിവേഗം ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തി. 2002ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായക സംഭാവന നല്‍കിയ താരം 2006ല്‍ ബാഴ്‌സലോണയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. 2005ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡോഞ്ഞീയ്ക്ക് ലഭിച്ചിരുന്നു

വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു. 2001ല്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മനില്‍ ചേരുന്നതിന് മുമ്പ് ഗ്രെമിയോയിലാണ് ഇഞ്ഞോ കളി തുടങ്ങിയത്. പിന്നീട് ലാലീഗയിലെ ബാഴ്‌സലോണയിലേക്ക് കൂടുമാറിയ താരം എസി മിലാന് വേണ്ടിയും ബൂട്ടണിഞ്ഞു.

Read more

2015 ജൂലൈയില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളുമിനെന്‍സുമായി റൊണാള്‍ഡീഞ്ഞോ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും 9 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നത്. 97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്.