യൂറോപ്പിലെ മികച്ച പത്ത് സ്‌ട്രൈക്കര്‍മാരില്‍ റൊണാള്‍ഡോ ഇല്ല

ഈ സീസണില്‍ ലാലീഗിയല്‍ മോശം ഫോമില്‍ തുടരുന്ന റയല്‍ മാഡ്രിഡിന്റെ അതേ അവസ്ഥയാണ് റൊണാള്‍ഡോയ്ക്കും. 11 ലാലീഗ മത്സരങ്ങളില്‍ നിന്ന് സൂപ്പര്‍ താരത്തിന് ഇതുവരെ നേടാനായത് നാല് ഗോളുകള്‍ മാത്രമാണ്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഈ സീസണില്‍ റൊണാള്‍ഡോയുടെ നിഴല്‍ മാത്രമാണെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം താനാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയതിന് ട്രോളന്‍മാരില്‍ നിന്നും കണക്കിന് കിട്ടിയ റൊണായ്ക്ക് ഇത്തവണ മറ്റൊരു നാണക്കേട് കൂടിയേറ്റിരിക്കുകയാണ്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പട്ടവും, ബാലണ്‍ ഡി ഓര്‍ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരവും നേടിയ റൊണാള്‍ഡോയ്ക്ക് ഇത്തവണ മോശം പ്രകടനത്തിനാണ് നാണക്കേടിലായിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച പത്ത് സ്‌ട്രൈക്കര്‍മാരില്‍ പോലും റൊണാള്‍ഡോയ്ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിങ്ങര്‍ പൊസിഷനില്‍ കളിച്ചിരുന്ന റൊണാള്‍ഡോയെ കഴിഞ്ഞ സീസണ്‍ മുതല്‍ സെന്‍ട്രല്‍ സ്‌ട്രൈക്കറാക്കി സിദാന്‍ മാറ്റിയിരുന്നു. ലാലീഗയും ചാംപ്യന്‍സ് ലീഗുമെടുത്ത് റൊണാള്‍ഡോ ഇതിന്റെ പ്രതിഫലം സിദാന് നല്‍കിയെങ്കിലും ഈ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് ഗോളടി മികവിലെത്താന്‍ സാധിച്ചിട്ടുള്ളത്. ലാലീഗയില്‍ പക്ഷേ റൊണാള്‍ഡോ ഫോമിലെത്തിയിട്ടില്ല.

സിഐഇഎസ് ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററിയാണ് യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരുടെ പട്ടിക പുറത്തുവിട്ടത്. മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയാണ് പട്ടികയില്‍ മുന്നില്‍. ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോസ്‌ക്കി രണ്ടാം സ്ഥാനത്തും ലാസിയോയുടെ സിറോ ഇമ്മേബിലി മൂന്നാം സ്ഥാനത്തുമാണ്. റോമയുടെ എഡ്വിന്‍ സെക്കോ, ടോട്ടന്‍ഹാമിന്റെ ഹാരി കെയ്ന്‍, പിഎസ്ജിയുടെ കവാനി, സിറ്റിയുടെ തന്നെ ജീസസ് തുടങ്ങിയ താരങ്ങളും മികച്ച പത്തില്‍ ഇടം നേടിയിട്ടുണ്ട്. സെന്‍ട്രല്‍ സ്‌ട്രൈക്കര്‍മാരായി കളിക്കുന്ന താരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.