കളി കാര്യമാകുന്നു; റൊണാള്‍ഡോയുടെ തന്ത്രത്തിന് മറുപണികൊടുത്ത് റയല്‍ മാഡ്രിഡ്

റൊണാള്‍ഡോയും റയല്‍ മാഡ്രിഡും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെന്‍ എന്നീ ക്ലബ്ബുകളിലേക്ക് റൊണാള്‍ഡോ കൂടുമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ റൊണാള്‍ഡോയുടെ കരാര്‍ പുതുക്കില്ലെന്ന് മാഡ്രിഡ് മാനേജ്‌മെന്റ് തീരുമാനിച്ചതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരം നേടിയ ശേഷം റയലുമായുള്ള കരാര്‍ പുതുക്കാന്‍ റൊണാള്‍ഡോ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. നിലവില്‍ റൊണാള്‍ഡോയ്ക്ക് റയല്‍ മാഡ്രിഡ് നല്‍കുന്ന പ്രതിഫലം മൈതാന വൈരിയായ മെസ്സിക്കും നെയ്മറിനും ഇവരുടെ ക്ലബ്ബുകള്‍ നല്‍കുന്നതിനേക്കാള്‍ കുറവാണ്. ഇക്കാര്യത്തില്‍ റൊണാള്‍ഡോ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാലീഗയില്‍ കിരീട പ്രതീക്ഷ ഏകദേശം ആസ്തമിച്ച റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറും ഫോമും പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നെയ്മറിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ കൂടുതല്‍ കൊഴുപ്പിച്ചത്. റൊണാള്‍ഡോയ്ക്ക് പകരം നെയ്മറിനെ സ്വന്തമാക്കി ടീമിന്റെ ബ്രാന്‍ഡ് മൂല്യം നിലനിര്‍ത്താനുള്ള തന്ത്രമാണ് പെരസ് പയറ്റുന്നത്.

അതേസമയം, താരം ഇംഗ്ലീഷ് ലീഗിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറ്റൊരു തലത്തിലാണ് കാണുന്നത്. റൊണാള്‍ഡോ തിരിച്ചെത്തുമെന്ന കാര്യത്തില്‍ യുണൈറ്റഡിന് ഉറപ്പൊന്നുമില്ല എന്നാണ് ഇ.എസ്.പി.എന്നില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ ഊഹാപോങ്ങള്‍ സൃഷ്ടിച്ച് റയലുമായി പുതിയ കരാറിലെത്താനുള്ള താരത്തിന്റെ തന്ത്രമാണോ ഇതെന്നും ഇംഗ്ലീഷ് ക്ലബ്ബ് കരുതുന്നതായാണ് റിപ്പോര്‍ട്ടുകള്‍.