കോപ്പലാശാന്റെ വജ്രായുധം ബ്ലാസ്റ്റേഴ്‌സിലേക്ക്

ഐഎസഎല്ലില്‍ ആദ്യം ജയം നേടി തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ താരം എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ജംഷഡ്പൂര്‍ എഫ്‌സിയുടെ സമീഗ് ദൗത്തിയാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ജംഷഡ്പൂര്‍ എഫ്‌സി പരിശീകന്‍ സ്റ്റീവ് കോപ്പലുമായുളള അഭിപ്രായ വ്യത്യാസമാണ് ദൗത്തിയെ ക്ലബ് മാറാന്‍ പ്രേരിപ്പിക്കുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്റോയിലൂടെയായിരിക്കും ദൗത്തി ബ്ലാസ്‌റ്റേഴ്‌സിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലാസ്‌റ്റേഴ്‌സില്‍ നിലവില്‍ ഏഴ് വിദേശ താരങ്ങളാണ് ളളളത്. ഒരു വിദേശ താരത്തെ കൂടി ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തമാക്കാനാകും. ഈ ഒഴിവിലേക്കാണ് ദൗത്തിയെ ബ്ലാസ്‌റ്റേഴ്‌സ് പരിഗണിക്കുകന്നതെന്നാണ് സൂചന. അങ്ങനെയങ്കില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവാകും. ക്ലബുകള്‍ തമ്മിലുളള പോരാട്ടത്തിനും അത് വഴിവെക്കും.

31 കാരനായ ദൗത്തി ദക്ഷിണാഫ്രിക്കയുടെ ഇരുപത് വയസിന് താഴെയുള്ളവരുടെ ടീമിലും ഇരുപത്തിമൂന്ന് വയസിന് താഴെയുള്ളവരുടെ ടീമിലും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണുകളില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഭാഗമായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം നാലാം സീസണിലാണ് തുടക്കക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയുടെ ഭാഗമായത്. ഈ സീസണിലെ ഏറ്റവും മികച്ച സൈനിംഗുകളില്‍ ഒന്നായാണ് ഇത് തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ കോച്ച് സ്റ്റീവ് കോപ്പലുമായി ഉടക്കിയ താരം ഇപ്പോള്‍ വളരെ പെട്ടെന്ന് ടീമിന് അനഭിമതനായിരിക്കുകയാണ്.

ഡല്‍ഹി ഡൈനാമോസിനെതിരെ നടന്ന മത്സരത്തില്‍ ദൗത്തിയെ കോപ്പല്‍ ആദ്യഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മത്സരം അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ശേഷിക്കെ താരത്തെ പകരക്കാരനായാണ് കളത്തിലിറക്കിയത്. ഇതില്‍ രോഷം പ്രകടിപ്പിച്ച താരം ടീമില്‍ ആരെയും അറിയിക്കാതെ രാത്രി ടീം ഹോട്ടലില്‍ നിന്നും പോകുകയായിരുന്നു. രാത്രിയും പിറ്റേന്ന് രാവിലെയും ടീം അംഗങ്ങള്‍ താരത്തെ നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മറ്റൊരു ഹോട്ടലില്‍ റൂം എടുത്ത് താമസിക്കുകയായിരുന്നു ദൗത്തി.

താരത്തിന്റെ പ്രവൃത്തി ഒരു പ്രൊഫഷണല്‍ ഫുട്ബാളര്‍ക്ക് ചേര്‍ന്നതല്ല എന്നതിനാല്‍ അന്ന് തന്നെ താരത്തെ ടീമില്‍ നിന്നും പുറത്താക്കാന്‍ ജംഷഡ്പൂര്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. പൊതുവെ ശാന്തനായ കോപ്പല്‍ പോലും താരത്തെ ടീമില്‍ നിന്നും പുറത്താക്കണം എന്ന് അഭിപ്രായപ്പെട്ടതോടെ ഐഎസ്എലില്‍ മറ്റൊരു ടീം കണ്ടെത്താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ദൗത്തി.