സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം: ആന്ധ്രയുടെ വലനിറച്ചു

72ാമത് സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. ബെംഗളൂരുവില്‍ സൗത്ത് സോണ്‍ മേഖലയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് കേരളം ആന്ധ്രാ പ്രദേശിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന കേരളം രണ്ടാം പകുതിയില്‍ നാലു ഗോള്‍ കൂടി നേടി ആന്ധ്രയുടെ വലനിറച്ചു. തമിഴ്‌നാടിനെതിരേ 22നാണ് കേരളത്തിന്റെ അടുത്ത മത്സരം.

കളിയുടെ നാലാം മിനുട്ടില്‍ തന്നെ കേരളം ഗോളടി തുടങ്ങി. പത്താം നമ്പര്‍ താരം സുജിത് പൗലോസിലൂടെ സ്‌കോറിങ് തുടങ്ങിയ കേരളം 14ാം മിനുട്ടുല്‍ കെപി രാഹുലിലൂടെ സ്‌കോര്‍ രണ്ടാക്കി ഉയര്‍ത്തി. മൂന്നാം ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. രണ്ടാം പകുതിയില്‍ രാഹുല്‍ കേരളത്തിന് വീണ്ടും ലക്ഷ്യം കണ്ടു. വിബിന്‍ തോമസിന്റെ ഫ്രീകിക്കും ഗോളായതോടെ ആന്ധ്ര തോല്‍വി ഉറപ്പിച്ചു. പിന്നീട് രണ്ടു ഗോളും കൂടി സ്‌കോര്‍ ചെയ്താണ് കേരളം അവസാന വിസിലിന് കാതോര്‍ത്തത്.

അതേസമയം, ഭാഗ്യം കൊണ്ട് മാത്രമാണ് ആന്ധ്രപ്രദേശ് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നത്.