സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ബുധനാഴ്ച നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് 33 കാരനായ അഗ്യൂറോയുടെ വിരമിക്കല്‍.
നിറകണ്ണുകളോടെയാണ് അഗ്യൂറോ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളാണ് അഗ്യൂറോയെ നിലവില്‍ അലട്ടുന്നത്. ഫ്രീ ഏജന്റായി പുതിയ സീസണില്‍ ബാഴ്‌സക്കൊപ്പം ചേര്‍ന്ന അഗ്യൂറോ ഒക്‌ടോബര്‍ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണിരുന്നു.
ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലെത്തിയ അഗ്യൂറോയ്ക്ക് ഇതുവരെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനായത്. അതും വെറും 165 മിനിറ്റുകള്‍ മാത്രമാണ് താരം മൈതാനത്ത് ചിലവഴിച്ചത്.
അര്‍ജന്റീന മുന്‍നിര ക്ലബായ ഇന്‍ഡിപെന്‍ഡിയന്റില്‍ കരിയറിന് തുടക്കം കുറിച്ച താരം 2006ല്‍ അത്‌ലറ്റിക്കോ മഡ്രിഡിലെത്തി. പിന്നീട് 2011ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലും കളിച്ചു. കരിയറില്‍ 666 മത്സരങ്ങളില്‍ നിന്നും 379 ഗോളുകളും 146 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ള അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനാണ്. പതിറ്റാണ്ടുനീണ്ട സിറ്റി വാസത്തിനിടെ 390 കളികളില്‍ 260 ഗോളുകളുമായി മുന്‍നിര ഗോള്‍വേട്ടക്കാരിലൊരാളായി. അതില്‍ 184ഉം പ്രീമിയര്‍ ലീഗിലാണ്.