ഗ്രൗണ്ടിലെത്തിയപ്പോള്‍ പകച്ചുപോയി; ബ്ലാസ്‌റ്റേഴ്‌സ് 'ബ്രേക്ക് ത്രൂയ്ക്ക്' സംഭവിച്ചത്

ബ്ലാസ്റ്റേഴ്‌സിനായി കളിക്കാനെത്തിയ ആ ദിവസം താനൊരിക്കലും മറക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോള്‍ സമ്മാനിച്ച മാര്‍ക്ക് സിഫ്‌നിയോസ്. അവിശ്വസനീയമായ ഒരു അന്തരീക്ഷമായിരുന്നെന്ന് പറയുന്ന സിഫ്‌നിയോസ് തിങ്ങി നിറഞ്ഞ കാണികള്‍ തന്നെ വേറൊരു മായാലോകത്തെത്തിച്ചെന്നും പറയുന്നു. മാധ്യമങ്ങള്‍ക്കായി അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

“വാക്കുകളില്‍ വിവരിക്കാനാവില്ല ആ നിമിഷം. ഉദ്ഘാടന മല്‍സരത്തിനു മുന്‍പു വാംഅപ്പിനായി ഗ്രൗണ്ടിലെത്തുമ്പോള്‍ പകച്ചുപോയി. അവിശ്വസനീയമായ അന്തരീക്ഷം. തിങ്ങിനിറഞ്ഞു കാണികള്‍. എവിടെ നോക്കിയാലും മഞ്ഞ. കരിയര്‍ കഴിഞ്ഞാലും മറക്കില്ല ആ ദിവസം” സിഫ്‌നിയോസ് പറയുന്നു.

ഡച്ച് ക്ലബ് ആര്‍കെസി വാല്‍വിക്കിന്റെ 7508 പേരെ മാത്രം ഉള്‍ക്കൊള്ളുന്ന മാന്‍ഡെമേക്കേഴ്‌സ് സ്റ്റേഡിയത്തില്‍നിന്നുള്ള വരവാണ് നെഹ്‌റു സ്റ്റേഡിയത്തിലെ ആരവങ്ങള്‍ളെ സിഫ്‌നോസിനെ ഇത്രത്തോളം അമ്പരപ്പിലെത്തിച്ചത്.

അതേസമയം, ഇന്ത്യയിലെ ഫുട്ബോളിനെ കുറിച്ച് തനിക്ക് നേരത്തെ കാര്യമായൊന്നും അറിയില്ലായിരുന്നുവെന്നും ഡല്‍ഹി താരമായിരുന്ന സെര്‍ജീനോ ഗ്രീന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്ക് വിമാനം കയറിയതെന്നും സിഫ്‌നോസ് പറയുന്നു. മലൂദയും റീസെയും പോലുളള വലിയ താരങ്ങള്‍ കളിക്കുന്ന ക്ലബാണെന്നാണ് ഗ്രീന്‍ തന്നോട് പറഞ്ഞതെന്നും ബ്ലാസ്റ്റേഴ്‌സ് താരം പറയുന്നു.

Read more

മികച്ച താരങ്ങളും പിന്തുണയുമുള്ള നല്ല ടീമാണ് ബ്ലാസ്റ്റേഴ്സെന്നും ഇതുവരേയുമുള്ള കളി വച്ച് ടീമിന്റെ കരുത്ത് അളക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഓരോ കളിയിലും മെച്ചപ്പെട്ടു വരികയാണെന്നും ഇനി തങ്ങള്‍ ജയിക്കുമെന്നും സിഫ്നിയോസ് പറയുന്നു.