അന്ന് ഹോസു; ഇന്ന് സൗവിക്; വീണ്ടും അമ്പരപ്പിച്ച് കോപ്പല്‍

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്റെ പഴയ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ കോപ്പലിറങ്ങുമ്പോള്‍ ആവനാഴിയില്‍ എന്ത് അത്ഭുതമായിരിക്കും അദ്ദേഹം കാത്തുവെച്ചിട്ടുണ്ടാകുക. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ മത്സരം നിരീക്ഷിക്കുമ്പോള്‍ ചില സൂചനകള്‍ ഇക്കാര്യത്തില്‍ ഫുട്‌ബോള്‍ ലോകത്തിന് ലഭിക്കുന്നുണ്ട്.

ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ ഹോസു പ്രിറ്റോയിനെ പ്രതിരോധ നിരയില്‍ പരീക്ഷിച്ചത് പോലെ ജംഷഡ്പൂറിനായും കോപ്പല്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രമുഖ മിഡിഫീല്‍ഡര്‍ സൗവിക് ചക്രവര്‍ത്തിയ പ്രതിരോധത്തില്‍ പരീക്ഷിച്ചാണ് ആദ്യ മത്സരത്തില്‍ കോപ്പല്‍ ഞെട്ടിച്ചത്. ആ തന്ത്രം തന്നെ ബ്ലാസ്റ്റേഴ്‌സിനെതിരേയും കോപ്പല്‍ ആവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.

ടീമിനൊന്നാകെ ഊര്‍ജം പകരുന്ന മിഡ്ഫീല്‍ഡര്‍ എന്നു പേരു കേട്ടയാളാണു ഡല്‍ഹി വിട്ടെത്തിയ സൗവിക്. ബഗാനിലൂടെ വളര്‍ന്ന യുവതാരത്തിനു പക്ഷേ, പ്രതിരോധദൗത്യം നല്‍കാനാണു കൊപ്പല്‍ തീരുമാനിച്ചത്. ഇതോടെ സ്പാനിഷ് താരം ടിരിയും മലയാളി താരം അനസും പോലെ കരുത്തന്മാരുളള ജംഷഡ്പൂര്‍ പ്രതിരോധ നിരയ്ക്ക് ഊര്‍ജസ്വലനായ ഒരു പ്രതിരോധ താരത്തെ കൂടി ലഭിക്കുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഈ നീക്കം എത്രത്തോളം ജംഷഡ്പൂര്‍ പ്രതിരോധ നിരയ്ക്ക് കരുത്താകുമെന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.