ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും 'ഇന്ത്യന്‍ നെയ്മര്‍ക്ക്' വേണ്ട

ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 17 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ കോമള്‍ തട്ടാലിന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതായി ഐലീഗ് ക്ലബ് മിര്‍വാ പഞ്ചാബിന്റെ വെളിപ്പെടുത്തല്‍. മിനര്‍വ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശമ്പളമായി ആറ് ലക്ഷം രൂപയും കുറഞ്ഞത് 10 കളി കളിപ്പിക്കാമെന്നുമായിരുന്നത്രെ രഞ്ജിത്ത് ബജാജ് വാഗ്ദാനം ചെയ്തത്. എന്നാല്‍ കോമളിന് ഇഷ്ടം ഐഎസ്എല്ലില്‍ പന്തു തട്ടാനായിരുന്നെന്നും അതിനാലാണ് ഈ കരാര്‍ നടക്കാതിരുന്നതെന്നും ബജാജ് ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നു.

നേരത്തെ കോമളിനെ സ്വന്തമാക്കാന്‍ എടികെയും ബ്ലാസ്‌റ്റേഴ്‌സും എല്ലാം രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോമളിനെ തല്‍ക്കാലം ടീമിലെത്തിക്കേണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് തീരുമാനിക്കുകയായിരുന്നു. ഇത് ടീം താരത്തെ അറിയിച്ചുകഴിഞ്ഞതായാണ് സൂചന. നേരത്തെ ബ്ലാസ്റ്റേഴ്സില്‍ കളിക്കണമെന്ന് താരം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഐ ലീഗില്‍ ഇന്ത്യയുടെ അണ്ടര്‍ 17, അണ്ടര്‍ 19 താരങ്ങളടങ്ങിയ ഇന്ത്യന്‍ ആരോസ് ടീമിലും താരത്തിന് ഇടം കിട്ടിയിരുന്നില്ല. താരത്തിന് ഇപ്പോള്‍ നിലവില്‍ പൂനെയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ഓഫറുകള്‍ ഉണ്ട് എന്നാണ് അറിയുന്നത്.