വിഖ്യാതമായ ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ അരങ്ങേറാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിന്റെ 130-ാം പതിപ്പില്‍ പങ്കെടുക്കുമെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 5 മുതല്‍ ഒക്ടോബര്‍ 3 വരെ കൊല്‍ക്കത്തയിലാണ് ഡ്യൂറന്റ് കപ്പ്. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍ (വിവൈബികെ), മോഹന്‍ ബഗാന്‍ ക്ലബ് ഗ്രൗണ്ട്, കല്യാണി മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവയാണ് ടൂര്‍ണമെന്റിന്റെ വേദി.
ഡ്യുറന്റ് കപ്പില്‍ പങ്കെടുക്കുന്നതില്‍ സന്തുഷ്ടരാണെന്ന് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.പ്രീ-സീസണിന്റെ ഭാഗമായി മികച്ച മത്സരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡ്യുറന്റ് കപ്പില്‍ പങ്കെടുക്കുന്നത് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാവുമെന്നും ഇവാന്‍ വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു.