വനിതാ താരത്തെ ബലമായി ചുംബിച്ച സംഭവം; സ്പാനിഷ് ഫുട്ബോള്‍ മേധാവിക്കെതിരെ ഫിഫയുടെ നടപടി

വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്പെന്‍ഡ് ചെയ്തു. ആഗോള ഫുട്ബോള്‍ സംഘടനയുടെ അച്ചടക്ക സമിതിയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

‘ഫിഫയുടെ പെരുമാറ്റച്ചട്ടത്തിന്റെ (എഫ്ഡിസി) ആര്‍ട്ടിക്കിള്‍ 51 നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് ഫിഫ അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് ഇവാന്‍ പലാസിയോ (കൊളംബിയ) മിസ്റ്റര്‍ ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു’- ഫിഫയുടെ പ്രസ്താവനയില്‍ പറയുന്നു.

ലൂയിസ് റുബിയാലെസ് മാപ്പു പറഞ്ഞാലൊന്നും പ്രശ്‌നം അവസാനിക്കില്ലെന്നു സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നിലപാടെടുത്തിരുന്നു. ‘നമ്മളെല്ലാം കാണ്‍കെ നടന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. അദ്ദേഹം നല്‍കിയ ഖേദപ്രകടനവും അപര്യാപ്തമാണെന്നാണു തോന്നുന്നത്’ പ്രധാനമന്ത്രി പറഞ്ഞു.

സിഡ്‌നിയില്‍ നടന്ന വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സ്‌പെയിന്‍ 1-0 ന് വിജയിച്ചിരുന്നു. ശേഷം മെഡല്‍ സ്വീകരിക്കാനെത്തിയ സ്‌പെയിന്‍ താരങ്ങളെ ഓരോരുത്തരെയും റുബിയാലെസ് ആവേശഭരിതനായി ചുംബിച്ചു. ടീമിലെ പ്രധാന താരങ്ങളിലൊരാളായ ജെന്നിഫര്‍ ഹെര്‍മോസെയെ റുബിയാലസ് ചുണ്ടില്‍ ചുംബിച്ചതാണ് കൂടുതല്‍ വിവാദമായത്.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, സ്‌പെയിന്‍ രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു റുബിയാലസിന്റെ ആവേശപ്രകടനം. പിന്നാലെ സ്‌പെയിനിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ റുബിയാലസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.