മലപ്പുറത്ത് നടന്നു കൊണ്ടിരിക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ സെമി ഫൈനലിൽ കേരളത്തിനായി തകർത്തുകളിച്ച നിലമ്പൂരുകാരൻ ജെസിന്റെ മികവാണ് ഫുട്ബോൾ ചർച്ചകളിലെ ഏറ്റവും പ്രധാന വിഷയം . ആദ്യ പകുതി തീരുന്നതിന് മുമ്പ് തന്നെ പകരക്കാരനായി കളത്തിലെത്തിയ താരം അഞ്ച് തവണയാണ് എതിർ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റിയത്. ഈ ഒറ്റ പ്രകടനം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ നോട്ടപുള്ളിയായിരിക്കുകയാണ് ജെസിൻ ഇപ്പോൾ.
സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനം ജെസിന് ദേശീയ ശ്രദ്ധ സമ്മാനിച്ചു കഴിഞ്ഞു. പല ക്ലബ്ബുകൾക്കും താരത്തിൽ കണ്ണുടക്കാനും സെമിയിലെ അഞ്ച് ഗോൾ പ്രകടനം കാരണമായി. അതിനിടെ ഇപ്പോളിതാ കേരള ബ്ലാസ്റ്റേഴ്സ് അടക്കം മൂന്ന് ഐ എസ് എൽ ക്ലബ്ബുകൾ ജെസിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും താരത്തെ ടീമിലെത്തിക്കാൻ അവർക്ക് താല്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. മത്സരത്തിമുടനീളം താരം കളിക്കളത്തിൽ നടത്തിയ അദ്ധ്വാനം അത്രക്ക് മികച്ചതായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്.സി ഗോവ, ബാംഗ്ലൂർ എഫ്.സി തുടങ്ങിയ ടീമുകളാണ് താരത്തിനായിട്ടുള്ള മത്സരത്തിൽ മുമ്പിൽ ഉള്ളത്. കഴിഞ്ഞ വര്ഷം തന്നെ നിലവിൽ കേരള യുണൈറ്റഡ് താരമായ ജെസിനെ ടീമിലെത്തിക്കാൻ കേരളം ശ്രമിച്ചതാണ്. എന്നാൽ യുണൈറ്റഡ് അത് സമ്മതിക്കാതെ വന്നതോട് ചർച്ചകൾ നീണ്ടുപോവുക ആയിരുന്നു.
ട്രാൻസ്ഫർ തുക നൽകി വേണം താരത്തെ ടീമിലെത്തിക്കാൻ. ഇത്ര മികച്ച താരത്തെ ടീമിലെത്തിക്കാൻ മത്സരം കൂടും എന്നുറപ്പാണ്. താരത്തിന് പുറമെ കേരള ടീമിൽ ഉണ്ടായിരുന്ന പല താരങ്ങൾക്ക് വേണ്ടിയിട്ടും ക്ലബ്ബുകൾ ശ്രമിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്.