1956 മുതൽ ഫ്രഞ്ച് വാർത്താ മാസികയായ ഫ്രാൻസ് ഫുട്ബോൾ നൽകുന്ന വാർഷിക ഫുട്ബോൾ അവാർഡാണ് ബാലൺ ഡി ഓർ. ഫുട്ബോളിലെ ഏറ്റവും പഴക്കമുള്ള അവാർഡുകളിലൊന്നാണിത്. ഫുട്ബോൾ കളിക്കാർക്കുള്ള ഏറ്റവും അഭിമാനകരമായ വ്യക്തിഗത അവാർഡായി പൊതുവെ ഇത് കണക്കാക്കപ്പെടുന്നു. പല ഫുട്ബോൾ ആരാധകരുടെയും അനുഭവത്തിൻ്റെ പ്രധാന ഭാഗമായി ബാലൺ ഡി ഓർ മാറിയിട്ടുണ്ടെങ്കിലും, ബാലൺ ഡി ഓർ അവാർഡിനെ കുറിച്ചും അത് എങ്ങനെ നിലവിൽ വന്നു എന്നും എങ്ങനെയാണ് അവാർഡിനായി പരിഗണിക്കുന്നത് എന്നതിനെക്കുറിച്ചും വളരെക്കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ.
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഫ്രാൻസിൽ ജനിച്ച ഗബ്രിയേൽ ഹാനോ ഫ്രാൻസിലെയും ജർമ്മനിയിലെയും ക്ലബ്ബുകൾക്ക് വേണ്ടിയും 1900-ൻ്റെ ആദ്യ ദശകങ്ങളിൽ ഫ്രഞ്ച് ദേശീയ ടീമിനായും ഫുട്ബോൾ കളിച്ചു. എന്നാൽ ഒരു വിമാനാപകടത്തെ തുടർന്ന് വിരമിച്ച ഹാനോ സ്പോർട്സ് ജേണലിസത്തിൻ്റെ ലോകത്തേക്ക് പ്രവേശിച്ചു. തന്റെ പുതിയ ജോലിയിൽ മുന്നേറിയ അദ്ദേഹം ഫ്രാൻസിലെ ഏറ്റവും പ്രസിദ്ധമായ രണ്ട് സ്‌പോർട്‌സ് ഔട്ട്‌ലെറ്റുകളായ L’Equipe, ഫ്രാൻസ് ഫുട്‌ബോൾ എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1930 തുടക്കത്തിൽ, ഫ്രാൻസിൽ ഫുട്ബോൾ പ്രൊഫഷണലൈസ് ചെയ്യുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഇന്ന് ലീഗ് വണ്ണായി അറിയപ്പെടുന്ന ഫ്രാൻസിലെ ഏറ്റവും മികച്ച ലീഗ് അദ്ദേഹം അന്ന് സ്ഥാപിച്ചു.
1948-ൽ, വളരെ വിജയകരമായ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ഓഫ് ചാമ്പ്യൻസ് ടൂർണമെൻ്റിനെക്കുറിച്ച് അദ്ദേഹത്തിൻ്റെ ചില റിപ്പോർട്ടർമാരിൽ നിന്ന് കേട്ടപ്പോൾ, അന്നത്തെ L’Equipe-ൻ്റെ എഡിറ്ററായിരുന്ന ഹാനോ, ഒരു ഭൂഖണ്ഡം വ്യാപകമായ നോക്കൗട്ട് ടൂർണമെൻ്റ് നടത്താൻ നിർദ്ദേശിച്ചു. ഈ ടൂർണമെൻ്റ് ഒടുവിൽ യൂറോപ്യൻ കപ്പായി മാറുകയും പിന്നീട് ഇന്നത്തെ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന വലിയൊരു ടൂർണമെന്റ് ആയി വളർന്ന വരുകയും ചെയ്തു. എന്നാൽ ഹാനോ അവിടം കൊണ്ട് നിർത്തിയില്ല, 1956-ൽ, ഫ്രാൻസ് ഫുട്‌ബോളിലെ ഒരു കൂട്ടം പത്രപ്രവർത്തകർക്കൊപ്പം, യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനെ ആദരിക്കുന്നതിനുള്ള വാർഷിക അവാർഡായ ബാലൺ ഡി ഓർ സ്ഥാപിക്കാൻ അദ്ദേഹം പദ്ധതി തയ്യാറാക്കി. അവാർഡിൻ്റെ ആദ്യ വർഷത്തിൽ, രണ്ട് റയൽ മാഡ്രിഡ് താരങ്ങളായ ആൽഫ്രെഡോ ഡി സ്റ്റെഫാനോയെയും റെയ്മണ്ട് കോപ്പയെയും പിന്തള്ളി ബ്ലാക്ക്പൂൾ റോവേഴ്സിൻ്റെ സ്റ്റാൻലി മാത്യൂസ് ആദ്യ ബാലൺ ഡി ഓർ നേടി ചരിത്രത്തിൽ ഇടം പിടിച്ചു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ആൽഫ്രെഡോ ഡി സ്റ്റെഫാനോയും കോപ്പയും യഥാക്രമം അവാർഡുകൾ സ്വന്തമാക്കി.
അതിനുശേഷം, ലെവ് യാഷിൻ, യോഹാൻ ക്രൈഫ് മുതൽ ഫ്രാൻസ് ബെക്കൻബോവർ, മിഷേൽ പാറ്റിനി വരെയുള്ള അസാമാന്യ പ്രതിഭകളാണ് ബാലൺ ഡി ഓർ നേടിയത്. ഈ അവാർഡ് നേടിയ ഏക ഗോൾകീപ്പർ ലെവ് യാഷിനും അവസാന ഡിഫൻഡർ ഫാബിയോ കന്നവാരോയുമാണ്. അവാർഡ് നേടുന്ന ആദ്യ ഇംഗ്ലീഷ് കളിക്കാരൻ 2001 – ൽ മൈക്കൽ ഓവനാണ്. 1964-ൽ ഡെനിസ് ലോയും, നോർത്തേൺ അയർലൻഡിന് അഭിമാനിക്കാൻ ജോർജ്ജ് ബെസ്റ്റും പിന്നീട് അവാർഡുകൾ നേടി. എന്നാൽ ബാലൺ ഡി ഓർ ജേതാക്കളുടെ പട്ടികയിൽ ഒരാൾ മാത്രം വേറിട്ടുനിൽക്കുന്നു. 1995-ൽ ബാലൺ ഡി ഓർ നേടിയ ജോർജ്ജ് വെയർ. ബാലൺ ഡി ഓർ നേടുന്ന ആദ്യത്തെ യൂറോപ്യൻ ഇതര വ്യക്തിയായിരുന്നു വേയർ. തുടക്കത്തിൽ, അവാർഡ് യൂറോപ്യൻ കളിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ 1995-ൽ, യൂറോപ്യൻ ക്ലബ്ബുകളിൽ സജീവമായിരുന്ന എല്ലാ കളിക്കാരെയും ഉൾപ്പെടുത്തുന്നതിനായി യോഗ്യത വിപുലീകരിച്ചു. ഇന്നും വേയർ ആണ് ബാലൺ ഡി ഓർ നേടിയ ഒരേയൊരു ആഫ്രിക്കൻ വംശജൻ. 1997-ൽ റൊണാൾഡോ നാസാരിയോ ആണ് ദക്ഷിണ അമേരിക്കയെ പ്രതിനിധാനം ചെയ്ത് ആദ്യമായി ബാലൺ ഡി ഓർ നേടിയത്.
അവാർഡിനായി പരിഗണിക്കുന്നവരുടെയും വോട്ടെടുപ്പിൻ്റെയും വ്യത്യസ്ത നിയമങ്ങൾ വർഷങ്ങളായി മാറി വന്നെങ്കിലും പൊതുവായ ചില കാര്യങ്ങൾ അതേപടി തുടർന്നു. യുവേഫയിലെ ദേശീയ ഫുട്ബോൾ ഫെഡറേഷനിലെ അംഗീകൃത ഫുട്ബോൾ ജേണലിസ്റ്റുകളുടെ ജൂറിയുടെ വോട്ടെടുപ്പിൻ്റെ ഫലമായാണ് അവാർഡ് ലഭിക്കുന്നത്. 2007-ന് ശേഷം, ലോകമെമ്പാടുമുള്ള ഓരോ ദേശീയ ഫുട്ബോൾ അസോസിയേഷനുകളിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റ് ജേണലിസ്റ്റുകളുടെയും ദേശീയ ടീമുകളുടെ പരിശീലകരും ക്യാപ്റ്റൻമാരും ഉൾപ്പെടുന്ന ജൂറിയെ ഉൾപ്പെടുത്തി വോട്ടർമാരുടെ എണ്ണം വർധിപ്പിച്ചു. എന്നാൽ 2010 നും 2015 നും ഇടയിലുള്ള വർഷങ്ങളിൽ, ഫിഫയുടെ വേൾഡ് ബെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് എന്ന മറ്റൊരു അവാർഡുമായി ബാലൺ ഡി ഓർ ലയിപ്പിച്ചു. തുടർന്ന് ഫിഫ ബാലൺ ഡി ഓർ എന്ന അവാർഡ് സൃഷ്ടിച്ചു. അത് ലോകത്തിലെ ഏറ്റവും മികച്ച പുരുഷ കളിക്കാരന് നൽകപ്പെട്ടു. 2015 ൽ, ലയന കരാർ തുടരേണ്ടതില്ലെന്ന് ഫിഫയും ഫ്രാൻസ് ഫുട്ബോളും തീരുമാനിച്ചു. ഒരുപക്ഷേ ബാലൺ ഡി ഓർ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കം അവാർഡ് വനിതാ താരങ്ങൾക്ക് കൂടി നൽകാൻ തീരുമാനിച്ചതാണ്. 2018-ൽ, അഡെർ ഹെഡ്ബെർഗ് ബാലൺ ഡി ഓർ നേടുന്ന ആദ്യ വനിതാ താരമായി ചരിത്രത്തിൽ ഇടം പിടിച്ചു.
അതേ വർഷം, 21 വയസ്സിൽ താഴെയുള്ള മികച്ച പ്രകടനം നടത്തുന്നവരെ അംഗീകരിക്കുന്നതിനായി കോപ്പ അവാർഡും, അടുത്ത വർഷം, ഗോൾകീപ്പർമാരെ ആദരിക്കുന്നതാണിയി യാഷിൻ അവാർഡും കൊണ്ടുവന്നു. ഗബ്രിയേൽ ഹാനോയും ഫ്രാൻസ് ഫുട്‌ബോളിലെ പത്രപ്രവർത്തകരും ഒരു വ്യക്തിഗത ഫുട്‌ബോൾ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചതിന് ശേഷമുള്ള 65 വർഷത്തിനിടയിൽ, ബാലൺ ഡി ഓർ നിരവധി മാറ്റങ്ങളിലൂടെയും ഒരുപാട് പ്രതിഭകളിലൂടെയും കടന്നുപോയി. എട്ട് ബാലൺ ഡി ഓർ അവാർഡുകളുമായി സാക്ഷാൽ ലയണൽ മെസ്സി ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടിയ താരവുമായി തുടരുമ്പോൾ അഞ്ചു ബാലൺ ഡി ഓർ മായി ക്രിസ്റ്റ്യാനോ റോൻൾഡോ തൊട്ടുപിന്നാലെ തന്നെ ഉണ്ട്