അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ ടീമില്‍ നിലനിര്‍ത്താന്‍ സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ് ബാഴ്സലോണയ്ക്കു മുന്നില്‍ കടമ്പകളേറെ. ബാധ്യതകളില്‍പ്പെട്ട് ഉഴറുന്ന ബാഴ്സയ്ക്ക് മെസിയെ ഒപ്പംനിര്‍ത്തണമെങ്കില്‍ കളിക്കാരുടെ ശമ്പളം ഇനിയും വെട്ടിക്കുറയ്ക്കേണ്ടിവരും. പകുതി പ്രതിഫലം വാങ്ങി കാറ്റലന്‍ ക്ലബ്ബില്‍ തുടരാന്‍ മെസി സമ്മതംമൂളിയിരുന്നു.
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ പരാജയപ്പെട്ട ബാഴ്സ താരങ്ങള്‍ക്ക് വേണ്ടി ചെലവിടാന്‍ ലാ ലിഗ അധികൃതര്‍ അനുവദിച്ചിട്ടുള്ള തുകയുടെ പരിധി ലംഘിച്ചുകഴിഞ്ഞു. അതിനാല്‍ത്തന്നെ മെസിയുടെ കരാര്‍ രജിസ്റ്റര്‍ ചെയ്യാനോ പുതിയ താരങ്ങളെ ടീമിലെത്തിക്കാനോ സാധിക്കില്ല. ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ പാലിക്കുംവിധം ചെലവുകള്‍ ചുരുക്കിയാലേ മെസി അടക്കമുള്ള കളിക്കാരുടെ കാര്യത്തില്‍ ബാഴ്സയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളാനാവൂ.
ഈ സീസണില്‍ തന്നെ ചെലവ് ചുരുക്കലിലൂടെ ഏകദേശം 1750 കോടിയോളം രൂപ ബാഴ്സയ്ക്ക് തങ്ങളുടെ അക്കൗണ്ടിലെത്തിക്കേണ്ടിവരും. അതല്ലെങ്കില്‍ അടുത്ത സീസണില്‍ ബാഴ്സയ്ക്കുമേല്‍ നിയന്ത്രണങ്ങള്‍ തുടരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ താരങ്ങളില്‍ ചിലരെ വില്‍ക്കുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും മാത്രമേ ബാഴ്സയ്ക്കു മുന്നില്‍ പോംവഴിയായുള്ളൂ.
ജോസെപ് ബാര്‍ത്തമ്യൂ ഉടമസ്ഥാവകാശം ഏറ്റെടുത്തശേഷമാണ് ബാഴ്സയുടെ സാമ്പത്തിക നില കൂപ്പുകുത്തിയത്. വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക അച്ചടക്കമില്ലായ്മ ബാഴ്സയെ പ്രതിസന്ധിയിലാക്കി. നിലവില്‍ പതിനായിരം കോടിയോളം രൂപയുടെ ബാധ്യത ബാഴ്സയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.