പുരികം പൊക്കിയിട്ടും രക്ഷയില്ല, സാന്റിയാഗോ ബെർണബ്യുവിൽ റയലിന്റെ കഥ കഴിച്ച് ഗണ്ണേഴ്‌സ്‌; ആഴ്‌സണൽ എഴുതി ചേർത്തത് ചരിത്രം

സാന്റിയാഗോ ബെർണബ്യുവിൽ ഇന്ന് പുലർച്ചെ ഫുൾ ടൈം വിസിൽ മുഴങ്ങിയപ്പോൾ ആരാധകർ എല്ലാം തല താഴ്ത്തിയാണ് മടങ്ങിയത്. വർഷങ്ങൾക്ക് ശേഷം ഒരു ഇംഗ്ലീഷ് ടീം സ്വന്തം തട്ടകത്തിൽ റയലിനെ തോല്പിച്ചിരിക്കുന്നു എന്നതാണ് നിരാശക്ക് കാരണമായ ഘടകം. റയൽ എന്ന ചാമ്പ്യൻസ് ലീഗിലെ അധികായന്മാർ അങ്ങനെ സെമി കാണാതെ പുറത്തേക്ക്. അതോടെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ആഴ്‌സണൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തി.

റയലിനെ പിന്തുണയ്ക്കാൻ തടിച്ചുകൂടിയ ആളുകൾക്കു നടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകളിലാണ് ആഴ്‌സണൽ നിലവിലെ ജേതാക്കളെ ഞെട്ടിച്ചത്. അതോടെ ഇരുപാദത്തിലുമായി സ്കോർ 5 – 1 എന്ന നിലയിൽ എത്തി. 65 മിനുറ്റിൽ ആർസനലിന് വേണ്ടി ബുക്കായോ സാക്കയാണ് ഗോൾവേട്ട തുടങ്ങിയത്. എന്നാൽ രണ്ട് മിനിറ്റിനകം വിനീഷിയസ് ഗോൾ മടക്കി. ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടാമത്തെ ഗോൾ കൂടെ നേടി ആഴ്‌സണൽ വിജയം ഉറപ്പിച്ചു. ഗോൾ നേടിയില്ലെങ്കിലും കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ആഴ്‌സണൽ മധ്യനിര താരം ഡക്ലെൻ റൈസാണ് കളിയിലെ താരം.

മത്സരത്തിൽ ഉടനീളം പന്തവകാശവും ആധിപത്യവും പുലർത്തിയെങ്കിലും ഗോൾ മാത്രം റയലിന് അകന്ന് നിന്നു. ജയത്തിലുപരി കഴിഞ്ഞ മത്സരത്തിലെ മൂന്ന് ഗോൾ കടമ്പ മറികടക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ റയലിനെ ആദ്യ പകുതിയിൽ ഒരു ഫ്രീ ഷോട്ട് പോലും ബോക്സിലേക്ക് ഉതിർക്കാൻ ആഴ്‌സണൽ അനുവദിച്ചില്ല. അതേസമയം പത്താം മിനുറ്റിൽ മെറിനോയെ അസെൻസിയോ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി തിബൗട്ട് കോർട്ടോയിസ് സേവ് ചെയ്തത് റയലിന് ആശ്വാസമായി. എന്നാൽ ഇരൂപത്തിമൂന്നാം മിനുറ്റിൽ റയലിന് ലഭിച്ച പെനാൽറ്റി വാർ പരിശോധനയിൽ പിൻവലിച്ചതും റയലിന് തിരിച്ചടിയായി.

Read more

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയാണ് സെമിയിൽ ആഴ്‌സനലിനെ എതിരാളികൾ. മറ്റൊരു സെമിയിൽ ബാർസിലോണ ഇന്റർ മിലാനെയും നേരിടും.