മെസിക്ക് ലോക കപ്പ് നേടികൊടുക്കുവാന്‍ ഒരു 'ഗൂഢാലോചന' നടന്നിരുന്നു, മറഡോണ എന്ന ഉന്മാദിയായ മനുഷ്യന്‍ ദൈവം തമ്പുരാനുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചന

പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബെര്‍ലിനില്‍, പെക്കര്‍മാനാല്‍ സൈഡ് ബെഞ്ചിലേക്കൊതുക്കപ്പെട്ടു പോയൊരു കൗമാരക്കാരന്റെ നിരാശയുടെ കയ്പ്പുകലര്‍ന്ന് അലിഞ്ഞു പോയൊരു സ്വപ്നമുണ്ടായിരുന്നു.

കേപ്പ് ടൗണില്‍, മിറോസ്ലാവ് ക്ലോസയും, മുള്ളറും, ഫെഡ്രിക്കുമൊക്കെ തുടരെ തുടരെ നിറയോഴിച്ചൊരു രാത്രിയില്‍, പരിശീലകന്റെ ചേരാത്തൊരു മേലങ്കിയണിഞ്ഞു വന്ന ഡീഗോയെ കെട്ടിപുണര്‍ന്നു കരഞ്ഞ ഒരു യുവാവിന്റെ നിസഹായതയില്‍ മരവിച്ചുപോയൊരു സ്വപ്നമുണ്ടായിരുന്നു.

റീയോ-ഡി-ജനറോയില്‍, കപ്പിനും ചുണ്ടിനുമിടയിലെ ചെറുത്തുനില്‍പ്പിന്റെ നൂറ്റിപന്ത്രണ്ടു മിനിറ്റുകളെ വ്യര്‍ത്ഥമാക്കിയ മരിയോ ഗോട്‌സേയുടെ ഒരു ഇടങ്കാലന്‍ പ്രഹരമേല്‍പ്പിച്ച മുറിവില്‍ നിന്നുമുതിര്‍ന്ന രക്തത്താല്‍ കുതിര്‍ന്നു പോയൊരു സ്വപ്നമുണ്ടായിരുന്നു.

കസന്‍ അരീനയില്‍, പ്രകാശപ്രവേഗത്തില്‍ കുതിച്ച പത്തൊമ്പതുകാരന്‍ കൈയ്‌ലന്‍ എമ്പാപ്പയുടെ വേഗതയോട് കിട പിടിക്കാനാവാതെ കിതച്ചു പോയൊരു സ്വപ്നമുണ്ടായിരുന്നു. ആല്‍ബിസെലസ്റ്റുകളെ പ്രണയിച്ചവര്‍ക്കായി ഖത്തറിന്റെ മണ്ണില്‍, ലയണല്‍ ആന്‍ഡ്രെസ് മെസ്സി എന്ന മനുഷ്യന്‍ അക്ഷരാര്‍ത്ഥത്തില്‍ ആ സ്വപ്നം ജീവിച്ചു തീര്‍ക്കുകയായിരുന്നു.

അതെ, പറഞ്ഞു കേള്‍ക്കുന്ന കിംവദന്തികള്‍ ശരിയാണ്. മെസ്സിക്ക് ലോകകപ്പ് നേടികൊടുക്കുവാന്‍ ഒരു ‘ഗൂഡാലോചന’ നടന്നിരുന്നു. പൗലോകൊയ്ലോ പറഞ്ഞത് പോലെ, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്കത് നടത്തി കൊടുക്കുവാന്‍ വേണ്ടി പ്രകൃതി തന്നെ നടത്തിയ ഗൂഢാലോചനയാവാമത്.

അല്ലെങ്കില്‍, ബ്യുനസ് ഐരസിലെ ലോമസ് ഡീ സമോരയില്‍, പിന്നീടൊരിക്കലുമുണരാതെ പോയൊരാ ഉറക്കത്തിനിടയിലെപ്പഴോ നിശ്ചലമായി പോയോരാ ഹൃദയത്തിന്റെ അവസാനത്തെയിടിപ്പും നിലയ്ക്കുന്നതിന് തൊട്ടുമുന്‍പ്, ഡീഗോ മറഡോണ എന്ന ഉന്മാദിയായ മനുഷ്യന്‍, ദൈവം തമ്പുരാനുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുമാവാമത്.. കാവ്യനീതിനടപ്പിലാക്കപ്പെടുന്നതിനു പോലുമൊരു കാവ്യനീതിയുണ്ടായ മനോഹരരാത്രി

Read more

Argentina the World Champions. Lionel Messi has unleashed his inner Maradona..