എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉയരങ്ങളില്‍ എങ്ങും എത്താനാവാതെ, എവിടെയോ മറഞ്ഞു പോയവന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ് കൂടിയാണ് ഈ കോപ്പ

കാല്‍പന്തിന് പുറകെയുള്ള ഭ്രാന്തമായ സ്വപ്നാടങ്ങളില്‍ എപ്പഴോ, റൊണാള്‍ഡോയും, റിവാള്‍ഡോയും, റൊണാള്‍ഡീഞ്ഞൊയും, കാര്‍ലോസുമൊക്കെ കോറിയിട്ട മനസിലെ പീതവര്‍ണ്ണം മാഞ്ഞുപോകുകയും, അവിടേയ്ക്ക്, ഗഗന സീമകളുടെ നീലയും-വെള്ളയും ആഴത്തില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്തത്, നീളന്‍ മുടിയിഴകളുള്ള, നക്ഷത്രകണ്ണുകളുള്ള ലിയോ രാജകുമാരനെ ആ കുപ്പായത്തില്‍ കണ്ട നാള്‍ മുതലായിരുന്നു.

പിന്നീടങ്ങോട്ട് ആയാള്‍ക്കൊപ്പം, കണ്ണീരിലും വിയര്‍പ്പിലും കുതിര്‍ന്നു നനഞ്ഞിറ്റിയ ഹൃദയവുമായി നടത്തിയ പ്രയാണങ്ങളെക്കാള്‍, തീവ്രമായി മറ്റൊന്നുമില്ലായിരുന്നു. അയാള്‍ക്ക് പൊള്ളിയപ്പോള്‍ ഒപ്പം പൊള്ളിയും, അയാള്‍ കരഞ്ഞപ്പോള്‍ ഒപ്പം കരഞ്ഞും, അയാള്‍ ഹതാശനായപ്പോള്‍, അയാളോളം ഹതാശനായും സ്വയം അയാളായി മാറിയൊരു യാത്ര.

ആല്‍ബിസെലസ്റ്റുകളുടെ കുപ്പായത്തില്‍ അയാള്‍ കളിക്കാനിറങ്ങിയ ഓരോ ഫൈനലിന് മുമ്പും, എന്റെ ഹൃദയമിടിച്ച പ്രവേഗത്തില്‍, പിന്നീടൊരിക്കലും ഹൃദയമിടിച്ചു കാണുകയില്ല… ആ നിമിഷങ്ങളിലെ എന്റെ രക്തസമ്മര്‍ദ്ദമളന്ന സ്പിഗ്മമനോമീറ്ററിലെ മെര്‍ക്കുറി, പിന്നീടൊരിക്കലും അതുപോലെ ഉയര്‍ന്നിരിക്കില്ല…

‘അന്നാമ്മോ, ഇന്നെങ്കിലും നമ്മുടെ പാര്‍ട്ടി ജയിക്കുമോടി!’, എന്ന് അത്രമേല്‍ ആര്‍ദ്രമായി പിന്നീടൊരിക്കലും അവളോട് ചോദിച്ചു കാണുകയില്ല… ജീവിതത്തില്‍ ആദ്യമായി, അത്തരം യാതൊരു വികാരവിക്ഷോപങ്ങളുമില്ലാത്ത, അയാള്‍ കളിക്കുന്നൊരു ഫൈനലിനു മുമ്പുള്ള നിമിഷങ്ങങ്ങളാണ് കടന്നു പോകുന്നത്. ലയണല്‍ ആന്ദ്രേസ് മെസ്സി സിംഹാസനാരൂഡനായ ലുസൈയിലിലെ ആ രാത്രി എന്റെ കാമനകളെ അത്രമേല്‍ തൃപ്തമാക്കിയിരിക്കുന്നു…….

കാല്‍പന്തിനെ പ്രണയിച്ച എന്നിലെ കാമുകന്‍ പ്രണയത്തിന്റെ നീഹാരാര്‍ദ്ര മഹാദ്രികളില്‍ എപ്പഴേ ചുംബിച്ചു കഴിഞ്ഞിരിക്കുന്നു.. അയാളുടെ നേട്ടങ്ങളോ, നഷ്ടങ്ങളോ ഇനിയങ്ങോട്ട് എന്നെ ഉദ്ധീപിപ്പിക്കാത്ത വിധം അയാള്‍ എന്നെ അത്രമേല്‍ പൂര്‍ണ്ണനാക്കിയിരിക്കുന്നു..

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലെ തണുപ്പുള്ളയൊരു രാത്രിയില്‍ കണ്ട, മനസില്‍ വീണ്ടും പീതപുഷ്പങ്ങളുടെ വസന്തങ്ങള്‍ ഉണര്‍ത്തിയൊരു കാഴ്ച ഇന്നും ഒളിമങ്ങാതെ അതു പോലെയുണ്ട്. ആ മഞ്ഞകുപ്പായക്കാരന്‍ പക്ഷെ ബ്രസീലുകാരന്‍ ആയിരുന്നില്ല. വാരകള്‍ക്ക് അകലെ നിന്നും ഉയര്‍ന്നിറങ്ങിയ പന്തിനെ തന്റെ ഇടം നെഞ്ചുക്കൊണ്ട് ഇടം കാലിലേക്ക് സ്വീകരിച്ച്, ഉറുഗിയന്‍ ഗോള്‍ വലയിലേക്ക് അവന്‍ ഉതിര്‍ത്തൊരു ഷോട്ട്. ഒറ്റ ഷോട്ടു കൊണ്ട് അവനെ ഞാന്‍ പ്രണയിച്ചു പോയി! ഹാമസ് റോഡ്രിഗസ്സ്…!

എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉയരങ്ങളില്‍ എങ്ങും എത്താനാവാതെ, എവിടെയോ മറഞ്ഞു പോയ അവന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ് കൂടിയാണ് ഈ കോപ്പ. ഖത്തറിലെ ലിയോയെപ്പോലെ, അവന്റെ ഹൃദയ താളങ്ങള്‍ക്കൊപ്പം ചുവടുവെച്ചാണ് കൊളംബിയ, കോപ്പയുടെ ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍, മിശിഹ തന്റെ കിരീടം അവന് കൈമാറിയാലും, എന്റെ ഹൃദയം കൂടുതല്‍ ശോണിതമാവുകയേയുള്ളു… ഞാന്‍ കൂടുതല്‍ ഉദ്ഗാഢത്തോടെ കാല്‍പന്തിനെ ആ ഹൃദയത്തോടു ചേര്‍ത്തു വെയ്ക്കുകമാത്രമേ ചെയ്യുകയൊള്ളു

Latest Stories

ഡ്രോൺ സാന്നിധ്യമില്ല, അതിർത്തി ശാന്തം; ഇന്ത്യ- പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭ യോ​ഗം ഇന്ന്

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍