അർജന്റീനൻ ഇതിഹാസം ലയണൽ മെസി വന്നതിൽ പിന്നെ അമേരിക്കൻ ലീഗ് ലോക പ്രശസ്ത ലീഗുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. കൂടാതെ ഇന്റർ മിയാമിക്ക് വേണ്ടി അദ്ദേഹം തകർപ്പൻ പ്രകടനമാണ് നടത്തുന്നതും. ഈ വർഷം ടൂർണമെന്റിൽ നിന്ന് ടീം പുറത്തായെങ്കിലും എംഎൽഎസ് ഷീൽഡ് നേടാൻ ടീമിന് സാധിച്ചു. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യ ഷീൽഡ് നേടിയെടുക്കാൻ മെസി തന്നെ വേണ്ടി വന്നു.
ക്ലബ്ബിന് വേണ്ടി 39 മത്സരങ്ങൾ കളിച്ച മെസി 52 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്റർ മിയാമിയായിട്ടുള്ള മെസിയുടെ കരാർ അടുത്ത വർഷമാണ് അവസാനിക്കുന്നത്. മെസി ഇനി ഇന്റർമയാമിയിൽ എത്രകാലം തുടരുമെന്ന് അവരുടെ ഉടമസ്ഥനായ ജോർഹെ മാസിനോട് ചോദിച്ചിരുന്നു.
ജോർഹെ മാസ് പറയുന്നത് ഇങ്ങനെ:
” നിലവിൽ മെസ്സിക്ക് 2025 വരെ കരാർ അവശേഷിക്കുന്നുണ്ട്. ഞാനും മെസ്സിയും ഇരുന്നുകൊണ്ട് ഭാവിയെക്കുറിച്ച് ചർച്ച ചെയ്യും. ഞാൻ നേരത്തെ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കുന്നു. 2026 നമ്മൾ പുതിയ ഒരു സ്റ്റേഡിയം ഓപ്പൺ ചെയ്യുന്നുണ്ട്. അന്ന് നമ്മുടെ പത്താം നമ്പറുകാരനായി കൊണ്ട് മെസ്സി തന്നെ ഉണ്ടാകും ” ജോർഹെ മാസ് പറഞ്ഞു.
2026 വരെ താരം ഇന്റർ മിയാമിയോടൊപ്പം ഉണ്ടാകും എന്നാണ് ജോർഹെ പറയുന്നത്. മെസി ഇപ്പോൾ അദ്ദേഹത്തിന്റെ അവസാന ഫുട്ബോൾ ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അത് കൊണ്ട് മെസി അമേരിക്കൻ ലീഗിൽ വെച്ച് കൊണ്ട് തന്നെ ആയിരിക്കും വിരമിക്കൽ തീരുമാനിക്കുക. അടുത്ത സീസണിൽ താരം ഹവിയർ മശെരാനോക്ക് കീഴിലായിരിക്കും ഇന്റർമയാമിയിൽ കളിക്കുക.