അന്വേഷിച്ചത് പെപ് ഗ്വാർഡിയോളയെ കിട്ടിയത് തോമസ് ടുച്ചെൽ; ഇംഗ്ലണ്ട് ഫുട്ബോൾ ടീം പുതിയ അംഗത്തിനൊരുങ്ങുന്നു

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്ക് ശേഷം ബയേൺ മ്യൂണിക്ക്, ചെൽസി അടക്കമുള്ള ക്ലബ്ബുകളുടെ മുൻ ജർമൻ മാനേജർ തോമസ് ടുച്ചെൽ ഇംഗ്ലണ്ടിൻ്റെ പുതിയ പുരുഷ പരിശീലകനാകുമെന്ന് റിപ്പോർട്ട്. ഗാരെത് സൗത്ത്ഗേറ്റിൻ്റെ പിൻഗാമിയായി ടുച്ചെൽ സ്ഥിരീകരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ എഫ്എ ബുധനാഴ്ച വെംബ്ലിയിൽ ഒരു വാർത്താ സമ്മേളനം നടത്താൻ ഒരുങ്ങുന്നു. 2024 യൂറോയിൽ ഇംഗ്ലണ്ട് സ്‌പെയിനിനോട് തോറ്റതിന് ശേഷം എട്ട് വർഷത്തിന് ശേഷമാണ് സൗത്ത്ഗേറ്റ് സ്ഥാനമൊഴിഞ്ഞത്.

ടുച്ചെലും മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗ്വാർഡിയോളയും ഉൾപ്പെട്ട സാധ്യതയുള്ള സ്ഥാനാർത്ഥികൾക്കായി തിരച്ചിൽ ശക്തമാക്കിയതിനാൽ ഇംഗ്ലണ്ടിൻ്റെ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായി 21 വയസ്സിന് താഴെയുള്ളവരുടെ ബോസ് ലീ കാർസ്‌ലിയെ എഫ്എ ആദ്യം നിയമിച്ചു. കാർസ്‌ലി സ്ഥിരമായി ഈ റോളിനായി വിസമ്മതിച്ചു. ഈ പശ്ചാത്തലത്തിലാണ് ഫുട്ബോൾ അസോസിയേഷൻ പുതിയ മാനേജർക്ക് വേണ്ടിയുള്ള തിരച്ചിൽ ജർമൻ മാനേജറിൽ അവസാനിച്ചത്.

കഴിഞ്ഞ സീസണിൻ്റെ അവസാനത്തിൽ ബയേൺ മ്യൂണിക്ക് വിട്ടതിന് ശേഷം ടുച്ചെൽ ഒരു ടീമിലും ചേർന്നിരുന്നില്ല. 2021ൽ അദ്ദേഹം ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ളതാണ് മികച്ച നേട്ടങ്ങളിലൊന്ന്. ജനുവരിയിൽ ഇഎസ്‌പിഎന്നുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിനിടെ, തൻ്റെ ജന്മദേശമായ ജർമ്മനിയെക്കാൾ ഇംഗ്ലണ്ടിൽ തനിക്ക് കൂടുതൽ വിലമതിപ്പുണ്ടോ എന്ന് ടുച്ചെലിനോട് ചോദിച്ചു. “അതെ,” അദ്ദേഹം മറുപടി പറഞ്ഞു. “ഞങ്ങൾ ജർമ്മനിയിൽ പരസ്പരം വളരെ വിമർശകരാണെന്ന് എനിക്ക് തോന്നുന്നു, പ്രത്യേകിച്ച് കളിക്കാർ അല്ലെങ്കിൽ പരിശീലകർ. ഇംഗ്ലണ്ടിൽ എനിക്ക് കൂടുതൽ വിലമതിപ്പ് തോന്നി.” ഇംഗ്ലണ്ടിൻ്റെ ചുമതല ഏറ്റെടുക്കുന്ന മൂന്നാമത്തെ വിദേശിയായ മാനേജറും ആദ്യത്തെ ജർമ്മൻ മാനേജറുമാകും ടുച്ചെൽ.

Read more