മോഹന്‍ ബഗാന്‍ വിചാരിച്ചാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ക്ലബ് ആകാന്‍ സാധിക്കില്ലേയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്തുകൊണ്ട് ബ്രസീലിലേയും ഇറ്റലിയിലേയും പ്രധാന ക്ലബുകളുമായി മോഹന്‍ ബഗാന്‍ കളിക്കുന്നില്ല എന്ന് ടീം ഉടമകളോടു ചോദിച്ച മമത ‘നിങ്ങളിലൂടെ എനിക്ക് ലോകകപ്പ് ഇങ്ങോട്ട് കൊണ്ടുവരണം’ എന്ന ആഗ്രഹവും അറിയിച്ചു.
ബംഗാളില്‍നിന്നുള്ള ഒരു ഫുട്‌ബോള്‍ ക്ലബ് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതില്‍ എനിക്കു സന്തോഷമുണ്ട്. ബംഗാള്‍ ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. മോഹന്‍ ബഗാന്‍ അതു വീണ്ടും തെളിയിച്ചിരിക്കുന്നു.
ബംഗാളിനെ അവഗണിക്കാന്‍ സാധിക്കില്ലെന്ന് മോഹന്‍ ബഗാന്റെ ഈ വിജയം ഉറപ്പിക്കുകയാണ്. ബംഗാള്‍ ലോകം ജയിക്കണം. എനിക്ക് ഇനിയും വിജയങ്ങള്‍ വേണം- മമത കൊല്‍ക്കത്തയില്‍ പറഞ്ഞു. ഐഎസ്എല്‍ കിരീടം നേടിയ എടികെ മോഹന്‍ ബഗാനു നല്‍കിയ സ്വീകരണത്തിലാണ് മമത ബാനര്‍ജി ഇക്കാര്യം പറഞ്ഞത്.
ശനിയാഴ്ച നടന്ന ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഐഎസ്എല്‍ കിരീടം നേടിയത്.