3 താരങ്ങളെ പുറത്താക്കി, പകരം പ്രീമിയര്‍ ലീഗ് താരങ്ങള്‍, ഞെട്ടിച്ച് എടികെ

ഐഎസ്എല്ലില്‍ തിരിച്ചടിയേറ്റ് വലയുന്ന മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ എടികെ ശക്തമായി തിരിച്ചുവരാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടീമിനെ അടിമുടി മാറ്റുകയാണ് എടികെ അധികൃതര്‍.

മുന്‍ പ്രീമിയര്‍ ലീഗ് താരങ്ങളായ ഡേവിഡ് കൊട്ടെറില്‍, മാര്‍ട്ടിന്‍ പാറ്റേഴ്സണ്‍ എന്നിവരെ സ്വന്തമാക്കിയാണ് എടികെ മറ്റ് ഐഎസ്എല്‍ ടീമുകളെ ഞെട്ടിച്ചിരിക്കുന്നത്. കൂടാതെ മുന്‍ ശിവജിയന്‍സ് താരം സോറം അംഗന്‍ബയും എടികെ നിരയിലെത്തിയിട്ടുണ്ട്.

അതെസമയം മൂന്ന് താരങ്ങളെ കൊല്‍ക്കത്ത പുറത്താക്കുയും ചെയ്തു. നജസി കുഖി, ജൂസി ജാസ്‌കിലായിനെന്‍, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നി താരങ്ങളാണ് എടികെയില്‍ നിന്നും പുറത്തായത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ സ്റ്റോക്ക് സിറ്റിയിലൂടെ പ്രെഫഷണല്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയ താരമാണ് മാര്‍ട്ടിന്‍ പാറ്റേഴ്സണ്‍. തുടര്‍ന്ന് ബേണ്‍ലി എഫ്സിയക്കായി നൂറ്റിമുപ്പതോളം മത്സരങ്ങള്‍ ഈ മുപ്പതുകാരന്‍ ബൂട്ടണിഞ്ഞു. നിലവില്‍ അമേരിക്കയിലെ രണ്ടാം ഡിവിഷന്‍ ലീഗായ യുണൈറ്റഡ് സോക്കര്‍ ലീഗ് ടീമായ ടാമ്പാ ബേ റൗഡിസില്‍ നിന്നാണ് മാര്‍ട്ടിന്‍ എടികെയിലെത്തുന്നത്.

ഡേവിഡ് കൊട്ടെറില്‍ ബ്രിസ്റ്റോള്‍ സിറ്റിയിലൂടെയാണ് കളിയാരംഭിക്കുന്നത്. പിന്നീട് സ്വാന്‍സിയിലും ബര്‍മിംഗ്ഹാം സിറ്റിയിലും കളിച്ച ഡേവിഡ് കൊട്ടെറില്‍ ബ്രിസ്റ്റോള്‍ സിറ്റിയില്‍ നിന്നാണ് എടികെയില്‍ എത്തുന്നത്.

ഷില്ലോങ് ലജോങ്ങിലൂടെയാണ് ഗോള്‍കീപ്പര്‍ സോറം അംഗന്‍ബ കരിയര്‍ ആരംഭിക്കുന്നത്. ഐ ലീഗില്‍ ഐസ്വാളിനു വേണ്ടിയും ശിവജിയന്‍സിനു വേണ്ടിയും ഷില്ലോങ് ലജോങ്ങിന് വേണ്ടിയും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടിയും സോറം അംഗന്‍ബ ബൂട്ടണിഞ്ഞിട്ടുണ്ട്.

നിലവില്‍ എട്ടാം സ്ഥാനത്താണ് എടികെ. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയും സമനിലയുമായി 12 പോയന്റാണ് എടികെയ്ക്ക് ഉളളത്.