കിരീടങ്ങൾ വിട്ടുകൊടുത്തുള്ള ശീലം ഞങ്ങൾക്ക് ഇല്ലെടാ പിള്ളേരെ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷിയമായ ഒരു ഗോളിന് തോൽപ്പിച്ച് കോപ്പ അമേരിക്ക കിരീടം നിലനിർത്തി അർജൻ്റീന. കളി എങ്ങോട്ടും വേണമെങ്കിലും തിരിയാവുന്ന ആവേശ പോരാട്ടത്തിൽ അധിക സമയത്ത് അതായത് കളിയുടെ 112 ആം മിനിറ്റിൽ ലൗട്ടാരോ മാര്‍ട്ടിനെസ് ആണ് അർജന്റീനയുടെ വിജയ ഗോൾ കണ്ടെത്തിയത്.
കൊളംബിയ ആരാധകർ സ്റ്റേഡിയത്തിലേക്ക് തള്ളി കയറാൻ ശ്രമിച്ചത് കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ കണ്ടത് കൊളംബിയയുടെ ആധിപത്യം തന്നെയാണ്. അർജന്റീനയുടെ പ്രതിരോധത്തിന് നല്ല രീതിയിൽ ഭീഷണി സൃഷ്ടിക്കാൻ കൊളംബിയക്ക് സാധിച്ചു. തുടർച്ചയായ ഉള്ള ആക്രമണങ്ങൾ കൊണ്ട് നിറഞ്ഞ് നിന്ന എതിരാളികൾക്ക് എതിരെ മെസിയും കൂട്ടരും നല്ല രീതിയിൽ ബുദ്ധിമുട്ടി, പന്തടക്കത്തിലും ഷോട്ട് ഓൺ ടാർഗെറ്റിലുമൊക്കെ ആധിപത്യം പുലർത്തിയ കൊളംബിയയെ ഭാഗ്യക്കേട് മാത്രമാണ് ആദ്യപകുതിയിൽ തളർത്തിയത് എന്ന് പറയാം.
മറുവശത്ത് അര്ജന്റീന തങ്ങളുടെ തനത് ശൈലിയിൽ കളിക്കാൻ ബുദ്ധിമുട്ടിയപ്പോൾ അവർക്ക് ഒരൊറ്റ ഓൺ ടാർഗറ്റ് ഷോട്ട് മാത്രമാണ് ആദ്യപകുതിയിൽ അടിക്കാൻ സാധിച്ചത്. മെസിക്ക് അടക്കമുള്ള സൂപ്പര്താരങ്ങൾക്ക് പ്രത്യേകിച്ചൊരു ഇമ്പാക്ട് ഉണ്ടാക്കാനും സാധിക്കാതെ വന്നതോടെ ആദ്യ പകുതി കൊളംബിയ തന്നെ നിറഞ്ഞ് നിന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങളോടെ അര്ജന്റീന മത്സരത്തിലേക് തിരിച്ചുവന്നു. അതിനിയയിൽ പരിക്കേറ്റ ലയണൽ മെസി മൈതാനം വിട്ടത് അർജന്റീനക്ക് തിരിച്ചടിയായി. 65 ആം മിനിറ്റിൽ താരത്തിന് മൈതാനം വിട്ടേണ്ടതായി വന്നു. കണ്ണീരണിഞ്ഞാണ് മെസി ഗ്രൗണ്ട് വിട്ടത്. ശേഷവും ഇരുടീമുകളുടെ ഭാഗത്ത് നിന്നും മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും പ്രതിരോധ നിരയുടെയും ഗോൾകീപ്പറുടെയും മികവിൽ അവസരങ്ങൾ ഒന്നും ഗോൾ ആയില്ല.
ശേഷം മത്സരം അതിന്റെ അധിക സമയത്ത് നീണ്ടപ്പോൾ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനസ് അർജന്റീനയെ വിജയിപ്പിച്ച ഗോൾ കണ്ടെത്തുക ആയിരുന്നു. ലോ സൽസ നീട്ടി നൽകിയ മനോഹരമായ പാസ് സ്വീകരിച്ച മാർട്ടിനസ് നിർണായക ഗോൾ നേടി. താരത്തിന്റെ ഈ ടൂര്ണമെന്റിലെ അഞ്ചാമത്തെ ഗോൾ ആയിരുന്നു ഇത്.