കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാർ അവസാനിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. സമ്മർ സീസണിൽ കരാർ പൂർത്തിയാകുന്നതോടെയാണ് ഇഷ്ഫാഖും ക്ലബും തമ്മിലുള്ള ബന്ധം പരസ്പര ധാരണയിൽ അവസാനിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ മൂന്ന് വർഷം മൈതാനത്ത് തിളങ്ങിയ ശേഷമാണ് കഴിഞ്ഞ നാല് വർഷം അദ്ദേഹം അസിസ്റ്റന്റ് കോച്ചായി ക്ലബ്ബിനൊപ്പം പ്രവർത്തിച്ചത്.
“കഴിഞ്ഞ 4 വർഷമായി ഒരു അസിസ്റ്റന്റ് കോച്ചെന്ന നിലയിൽ ടീമിനോട് കാണിച്ച കഠിനാദ്ധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഇഷ്ഫാഖിനോട് പൂർണ്ണഹൃദയത്തോടെ നന്ദി പറയാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ആഗ്രഹിക്കുന്നു. ആദ്യം ഒരു കളിക്കാരൻ എന്ന നിലയിലും പിന്നീട് കോച്ച് എന്ന സ്ഥാനം വഹിച്ചുകൊണ്ടും കാണിച്ച കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ക്ലബ്ബിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം സവിശേഷമാക്കി നിലനിർത്തും.
കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമായി ക്ലബ്ബ് അദ്ദേഹത്തെ എപ്പോഴും ഇരുകൈകളും നീട്ടി സ്വീകരിക്കും. ഇഷ്ഫാഖിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു,” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
പുതിയ അസിസ്റ്റന്റ് കോച്ചിനെ നിയമിക്കുന്നത് സംബന്ധിച്ച തുടർപ്രഖ്യാപനം ഉടനുണ്ടാകും.