ലോകകപ്പ് യോഗ്യത: ഉറുഗ്വേയോട് തോറ്റ് തുന്നംപാടി ബ്രസീല്‍, നെയ്മറിന് പരിക്ക്

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി സമ്മാനിച്ച് ഉറുഗ്വേ. തങ്ങളുടെ ഹോം സ്റ്റേഡിയമായ എസ്റ്റാഡിയോ സെന്റിനാരിയോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഉറുഗ്വേ മഞ്ഞപ്പടയെ തകര്‍ത്തത്. ഡാര്‍വിന്‍ നൂനസും നികോളാസ് ഡി ലാക്രൂസുമാണ് ഉറുഗ്വേക്കായി വലകുലുക്കിയത്.

മത്സരത്തിന്റെ 42 ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസിലൂടെയാണ് യുറുഗ്വെ ആദ്യം മുന്നിലെത്തിയത്. മൈതാനത്തിന്റെ ഇടതു വിങ്ങിലൂടെ കുതിച്ച അരോഹോയുടെ പാസില്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ നൂനസ് ബ്രസീലിയന്‍ വലകുലുക്കി.

ഗോള്‍ പിറന്നതിന് തൊട്ടു പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്ത് പോയി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഉറുഗ്വേയുടെ മധ്യനിര താരം നിക്കോളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ചാണ് നെയ്മര്‍ നിലത്ത് വീണത്. നെയ്മറിനെ സ്ട്രച്ചറിലേക്കാണ് പുറത്തേയ്ക്ക് കൊണ്ടുപോയത്. പകരം റിച്ചാര്‍ലിസണെ ബ്രസീല്‍ ഇറക്കി.

77ാം മിനിറ്റില്‍ നിക്കോളാസ് ഡി ലാ ക്രൂസ് ഉറുഗ്വേയുടെ ലീഡ് ഇരട്ടിയാക്കി. ബ്രസീലിയന്‍ ഡിഫെന്‍ഡര്‍മാര്‍ക്കിടയില്‍ നിന്നും ഡാര്‍വിന്‍ ന്യൂനെസ് കൊടുത്ത പാസില്‍ നിന്നാണ് രണ്ടാം ഗോള്‍ പിറന്നത്.

Read more

2015 ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെടുന്നത്. വിജയത്തോടെ ഉറുഗ്വേ ബ്രസീലിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റാണ് ഉറുഗ്വേയ്ക്ക് ഉള്ളത്.