അമ്പരപ്പിച്ച് എവേ ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വൈകിംഗ് ക്ലാപ്പ്!

മുംബൈക്കെതിരായി നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയം നേടിയത് ഇയാന്‍ ഹ്യൂമിന്റെ ഗോളിലായിരുന്നിരിക്കാം. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പന്ത്രണ്ടാമത്തെ കളിക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞപ്പടക്ക് ആ വിജയത്തില്‍ തീര്‍ച്ചയായും വലിയ സ്ഥാനമാണുള്ളത്.

മുംബൈയുടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ആരാധകരെ നിഷ്പ്രഭമാക്കിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നിറഞ്ഞിരുന്നത്. മുദ്രാവാക്യങ്ങള്‍ വിളിച്ചും ചാന്റുകള്‍ ഏറ്റു പാടിയും മത്സരത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്‌സിനു മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

മുംബൈക്കെതിരായ മത്സരത്തില്‍ ഗാലറി ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കൊണ്ട് നിറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിത്രത്തോളം വരുമെന്ന് താരങ്ങള്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിനു കിട്ടുന്ന പോലുള്ള ഗ്രൗണ്ട് സപ്പോര്‍ട്ടാണ് ഇന്നലെ മുംബൈയില്‍ നിന്നും ലഭിച്ചത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഈ പ്രവര്‍ത്തി ഇന്ത്യയുടെ ഫുട്‌ബോള്‍ സംസ്‌കാരത്തിനു തന്നെ ആഴം കൂട്ടുന്ന ഒന്നാണെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങള്‍ വൈകിംഗ് ക്ലാപ്പുമായി വന്ന് ആരാധകരോടൊപ്പം ആഘോഷം പങ്കുവെക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കന്റെ നേതൃത്വത്തിലാണ് ഈ വൈകിംഗ് ക്ലാപ്പ് നടന്നത്.