2026ലെ ഫുട്‌ബോള്‍ ലോകക പ്പിന്റെ ഫോര്‍മാറ്റ് മാര്‍ച്ച് 23ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതാണ് പ്രധാനമാറ്റം. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകവും ഏറെ പ്രതീക്ഷയിലാണ്.
മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകള്‍ എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാണ് ഈ ഫോര്‍മാറ്റ്.
48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ലോകകപ്പ് വരുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ അധികം വൈകാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതോടെ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ അധ്യക്ഷന്‍ കല്യാണ്‍ ചൗബേയും പറയുന്നത്.
48 ടീമുകള്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്. ഈ രാജ്യങ്ങളിലെ 16 വേദികളാണ് ഫിഫ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ 11-ഉം മെക്സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളാണുള്ളത്. ആദ്യമായാണ് ഒരു ലോകകപ്പ് മുന്നു രാജ്യങ്ങളിലായി നടക്കുന്നത്.