ഏത് ഡബിള്‍ സെഞ്ച്വറിയാണ് പ്രിയപ്പെട്ടത്? രോഹിത്ത് വെളിപ്പെടുത്തുന്നു

ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഒരേ ഒരു താരമെന്ന നേട്ടം കൈപിടിയില്‍ ഒതുക്കിയിരിക്കുകയാണല്ലോ രോഹിത്ത് ശര്‍മ്മ. സമകാലിക ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലിയ്ക്കും ജോറൂട്ടിനുമൊന്നും സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടമാണ് രോഹിത്ത് മൂന്ന് തവണ നേടിയത്.

2010ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി നേടുന്നതുവരെ, ഏകദിന ഇരട്ടസെഞ്ച്വറിയെന്നത് ബാറ്റ്സ്മാന്‍മാരെ സംബന്ധിച്ചിടത്തോളം ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. സച്ചിന്റെ ആദ്യ ഇരട്ടസെഞ്ച്വറിക്കു ശേഷവും അധികം ഇരട്ടസെഞ്ച്വറികളൊന്നും ഏകദിനത്തില്‍ പിറന്നിട്ടില്ല.

സച്ചിന്റെതുള്‍പ്പെടെ ഇതുവരെ ഏകദിനത്തില്‍ പിറന്ന ഇരട്ടസെഞ്ച്വറി നേട്ടങ്ങള്‍ ഏഴു മാത്രം. എന്നാല്‍, ഈ ഏഴ് ഇരട്ടസെഞ്ച്വികളില്‍ മൂന്നെണ്ണവും നേടിയത് സാക്ഷാല്‍ രോഹിത് ശര്‍മ. ക്രിക്കറ്റ് ചരിത്രത്തിലെ മറ്റ് താരങ്ങളെല്ലാം ചേര്‍ന്ന് ആകെ നേടിയതിനേക്കാള്‍ ഒന്നു മാത്രം കുറവ്!

2014ല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതേ എതിരാളികള്‍ക്കെതിരെ പുറത്താകാതെ നേടിയ 264 റണ്‍സ്! അതിനും ഒരു വര്‍ഷം മുന്‍പ്, 2013ല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു രോഹിതിന്റെ ആദ്യ ഏകദിന ഇരട്ടസെഞ്ച്വറി. സാക്ഷാല്‍ ഓസ്ട്രേലിയയ്ക്കെതിരെ 209 റണ്‍സാണ് അന്ന് രോഹിത് സ്വന്തമാക്കിയത്.

ഏതാണ് രോഹിത്തിന്റെ ഏറ്റവും മികച്ച ഡബിള്‍ സെഞ്ച്വറി. കഴിഞ്ഞ ഇതേകുറിച്ച് രോഹിത്തിനോട് ചോദിച്ചപ്പോള്‍ സംശയലേശമന്യേ രോഹിത്ത് വ്യക്തമാക്കിയത് കൊല്‍ക്കത്തയില്‍ നേടിയ 264 റണ്‍സ് ആണെന്നായിരുന്നു. താന്‍ പരിക്ക് മാറി തിരിച്ചെത്തിയ സമത്തായിരുന്നത്രെ ഈ ഡബിള്‍ സെഞ്ച്വറി പിറന്നത്. അതിനാല്‍ ഈ ഡബിള്‍ സെഞ്ച്വറിയോട് പ്രത്യേക ഇഷ്ടമാണെന്നും രോഹിത്ത് പറയുന്നു.