റഷ്യ ലോകകപ്പ്: 'ചെക്കന്‍മാരുമായി' നൈജീരിയ; വയസന്‍മാരുമായി പനാമ; അര്‍ജന്റീനയ്‌ക്കോ?

അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമില്‍ ഏറ്റവും “ചെറുപ്പം” ടീം ഏതാണ്. ആര്‍ക്കാണ് വയസന്‍ പട? ഈ ചോദ്യത്തിനെല്ലാം ഏകദേശ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിഐഇഎസ് ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററി. അടുത്ത വര്‍ഷം ആരംഭിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ആഫ്രിക്കയില്‍ നിന്നും യോഗ്യത നേടിയ നൈജീരിയയിലാണ് ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരുള്ളത്.

24.9 വയസാണ് നൈജീരിയന്‍ ടീമിലെ ശരാശരി വയസ്. ലെസ്റ്റര്‍ സിറ്റിയുടെ നിലവിലെ ലോകത്തെ മികച്ച യുവതാരമായ വില്‍ഫ്രെഡ് എന്‍ദിദിയാണ് നൈജീരിയയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 19 വയസാണ് ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ക്കുള്ളത്. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകള്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തിലാണ് സിഐഇഎസ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പനാമയാണ് ലോകകപ്പിലെ വയസന്‍ പട. 29.4 വയസാണ് പനാമ ടീമംഗങ്ങളുടെ ശരാശരി വയസ്.

25.7 വയസ് ശരാശരി പ്രായവുമായി ജര്‍മനിയാണ് യുവ ടീമുകളില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ശരാശരി പ്രായം 25.9 ആണ്. അതേസമയം ഹോട്ട് ഫെവറൈറ്റുകളായ അര്‍ജന്റീനന്‍ കളിക്കാരുടെ ശരാശരി പ്രായം 28.7 ആണ്. പട്ടികയില്‍ 27ാം സ്ഥാനത്താണ് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ടീം. ബ്രസീല്‍ ടീമിന്റെ ശരാശരി പ്രായം 27.8ഉം പോര്‍ച്ചുഗല്‍ 27.7ഉം ആണ്. ഫ്രാന്‍സിന്റേത് 26.4ഉം ആണ്.