എന്തിനാണ് ഇയാള്‍ മാസ്‌ക് ധരിക്കുന്നത്? ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യന്‍ പ്രതിരോധ താരം ജോസ്‌കോ ഗ്വാര്‍ഡിയോളിനെ കണ്ട് ചിലരെങ്കിലും ചോദിച്ച ചോദ്യമായിരിക്കും ഇത്. എല്ലാ കളിയിലും താരം മാസ്‌ക് ധരിച്ചാണ് കളത്തിലിറങ്ങിയത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ലീപ്‌സിഗിനായി മത്സരിക്കുന്നതിനിടെയുണ്ടായ പരുക്ക് മൂലമാണ് ഗ്വാര്‍ഡിയോളിന് കളത്തില്‍ മാസ്‌ക് ധരിക്കേണ്ടി വരുന്നത്.
ആ മത്സരത്തില്‍ പ്രതിരോധ സഹതാരം വില്ലി ഓര്‍ബനുമായി കൂട്ടിയിടിച്ച ഗ്വാര്‍ഡിയോയുടെ മൂക്കിന് പരുക്കേല്‍ക്കുകയായിരുന്നു. താരത്തിന് ലോകകപ്പ് നഷ്ടമായേക്കും എന്ന് കരുതിയെങ്കിലും ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടറുടെ നിര്‍ദേശാനുസരമാണ് ഗ്വാര്‍ഡിയോള്‍ മാസ്‌ക് ധരിച്ച് കളിക്കാന്‍ ഇറങ്ങിയത്. ഖത്തര്‍ ലോകകപ്പില്‍ തുടക്കം മുതല്‍ ക്രൊയേഷ്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഇരുപതുകാരനായ ഗ്വാര്‍ഡിയോള്‍.
സെമി ഫൈനല്‍ വരെ നീണ്ട ലോകകപ്പ് പോരാട്ടത്തില്‍ അര്‍ജന്റീനയോട് അടിയറവ് പറഞ്ഞാണ് ക്രൊയേഷ്യന്‍ ടീമിന്റെ മടക്കം. എതിരില്ലാതെ മൂന്ന് ഗോളിനാണ് അര്‍ജന്റീനയോട് ക്രൊയേഷ്യ അടിയറവ് പറഞ്ഞത്.
അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി നേടി.