ഈ താരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കോപ്പലാശാനെ പിണക്കിയത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എല്ലായിപ്പോഴും സ്‌നേഹിക്കുന്ന പരിശീലകനാണ് സ്റ്റീവ് കോപ്പല്‍. ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി ഏറ്റവുമടുത്ത ബന്ധമുള്ള താരങ്ങള്‍ ഉണ്ടായിരുന്നത് കോപ്പലിന്റെ കാലത്താണ്. ഒരു ശരാശരി ടീമിനെ ഐഎസ്എല്ലിന്റെ ഫൈനല്‍ വരെയെത്തിച്ച കോപ്പലാശാന്‍ ഇപ്പോള്‍ ജംഷഡ്പൂരിന്റെ പരിശീലകനാണ്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിലെത്തണ്ട കോപ്പല്‍ ജംഷഡ്പൂരിലെത്തിയത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായുള്ള അസ്വാരസ്യങ്ങളുടെ ഭാഗമായി തന്നെ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ചിലതെല്ലാം പുറത്ത് വരുന്നുണ്ട്.

കോപ്പലാശാനെ ടീമിലെത്തിക്കാന്‍ എല്ലാ ചര്‍ച്ചകളും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നടത്തിയിരുന്നു. ഐഎസ്എല്ലിന്റെ ദൈര്‍ഘ്യത്തെയും ടീമുകളെയും സംബന്ധിച്ച് വ്യക്തത വന്നതിനു ശേഷം ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്താമെന്ന ധാരണയിലായിരുന്നു കോപ്പല്‍. ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകനായ തങ്ങ്‌ബോയ് സിങ്ങ്‌തോയെ അതിനിടയില്‍ ഇന്ത്യയില്‍ വന്ന് കോപ്പല്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഫെഡറേഷന്‍ കപ്പ് മത്സരത്തിനിടെ ടീമിലെത്തിക്കേണ്ട താരങ്ങളെ പറ്റി കോപ്പല്‍ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സൂപ്പര്‍ ലീഗിന്റെ നീളം കൂട്ടിയതോടെയാണ് കോപ്പലും മാനേജ്‌മെന്റും തമ്മില്‍ കളിക്കാരെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത്. ഐഎസ്എല്‍ പ്ലേയര്‍ ഡ്രാഫ്റ്റില്‍ കോപ്പല്‍ ആവശ്യപ്പെട്ട പ്രകാരം പ്രധാന കളിക്കാരനായ മെഹ്താബ് ഹുസൈനെ നിലനിര്‍ത്താതെ ജിംഗന്‍, വിനീത് എന്നിവരെ നിലനിര്‍ത്തിയത് കോപ്പലിനു ഇഷ്ടപ്പെട്ടില്ല. പ്രത്യേകിച്ചും വിനീതിനെ നിലനിര്‍ത്തണമെന്ന് കോപ്പലിനു ആഗ്രഹമുണ്ടായിരുന്നില്ല.

ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സുമായി വീണ്ടും കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചതില്‍ നിന്നും കോപ്പല്‍ പിന്‍വാങ്ങുന്നത്. അവിടെ നിന്നും ജംഷഡ്പൂരിലെത്തിയ കോപ്പല്‍ മെഹ്താബ് ഹുസൈനെ ടീമിലെത്തിക്കുകയും ബ്ലാസ്റ്റേഴ്‌സില്‍ അസിസ്റ്റന്റ് കോച്ചായിരുന്ന ഇഷ്താഖ് അഹമ്മദിനെ തന്റെ സഹപരിശീലകനാക്കുകയും ചെയ്തു.

ഈ സീസണില്‍ പക്ഷേ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിനും പുറകിലാണ് ജംഷഡ്പൂര്‍. ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ജംഷഡ്പൂര്‍ നാലു പോയിന്റ് വ്യത്യാസത്തില്‍ ടേബിളില്‍ എട്ടാം സ്ഥാനത്താണ്.