ഞായറാഴ്ച ജർമ്മനിയിലെ ബെർലിനിലെ ഒളിംപിയാസ്റ്റേഡിയനിൽ ഇംഗ്ലണ്ടിനെതിരെ യൂറോ 2024 ഫൈനലിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം കണ്ടെത്തിയതോടെ സ്പെയിൻ ഫോർവേഡ് ലാമിൻ യമൽ മറ്റൊരു റെക്കോർഡ് സ്വന്തം പേരിൽ ആക്കിയിരിക്കയാണ്. 17 വർഷവും ഒരു ദിവസവും മാത്രം പ്രായം ഉള്ളപ്പോൾ പുരുഷ ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി താരം മാറിയിരിക്കുകയാണ്.
ടൂർണമെന്റിൽ സ്പെയിനിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരം ഫൈനലിൽ അടക്കം മികച്ച പ്രകാനമാണ് കാഴ്ചവെച്ചത്. സെമിഫൈനലിൽ ഫ്രാൻസിനെതിരെ ടൂർണമെന്റിലെ തന്റെ ആദ്യ ഓൾ നേടിയ താരം ആ മത്സരത്തിൽ കാഴ്ചവെച്ച പ്രകടനത്തിന് എത്ര മാർക്ക് കൊടുത്താലും മതിയാകില്ല. ആ സ്‌ട്രൈക്കോടെ, ഒരു പ്രധാന പുരുഷ ടൂർണമെൻ്റിൻ്റെ സെമിഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
ഈ ടൂർണമെൻ്റിൽ സ്പെയിനിനായി യമാൽ എല്ലാ കളികളും സ്റ്റാർട്ടിങ് ലൈനപ്പിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധിക്കണം. അതേസമയം ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന് സ്‌പെയ്ൻ യൂറോ കപ്പ് വിജയം സ്വന്തമാക്കി. നിക്കോ വില്യംസ്, മികേൽ ഒയർസബാൾ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോൾ നേടിയത്. കോൾ പാമർ ആണ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഏക ഗോൾ സ്വന്തമാക്കിയത്. സ്പെയിൻ തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് ആകട്ടെ തുടർച്ചയായ രണ്ടാം ഫൈനലിലാണ് പരാജയം ഏറ്റുവാങ്ങിയത്. സ്പെയിനിന്റെ ആധിപത്യം തന്നെയാണ് മത്സരത്തിന്റെ തുടക്കം മുതൽ കാണാൻ സാധിച്ചത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് പ്രതിരോധം നന്നായി കളിച്ച് ഇല്ലായിരുന്നെങ്കിൽ സ്പെയിൻ ഒരുപാട് ഗോളുകൾ അടിച്ചുകൂട്ടുമായിരുന്നു.
നിക്കോ നേടിയ ആദ്യ ഗോളിന് അസിസ്റ്റ് നൽകിയ യമാൽ തന്നെയാണ് ഈ ടൂര്നമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് സ്വന്തമാക്കിയ താരം. കൂടാതെ ഏറ്റവും കൂടുതൽ ഗോളുകളിൽ ഇൻവോൾവ് ആയ താരം കൂടാതെ ഏറ്റവും കൂടുതൽ ചാന്സുകളും ബിഗ് ചാന്സുകളും ഉണ്ടാക്കിയ താരം. എന്തായാലും ഈ ടൂര്ണമെന്റോടെ സ്പെയിൻ ഒരിക്കൽക്കൂടി തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് വന്നിരിക്കുകയാണ് എന്ന് പറയാം.