Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ബ്ലാസ്റ്റേഴ്സിനു ഗോവൻ പരിശീലകന്റെ വെല്ലുവിളി, പകരം വീട്ടാൻ തയ്യാറെടുത്ത് കൊമ്പന്മാർ

, 2:47 pm

കൊച്ചിയിൽ ഇന്നു നടക്കാനിരിക്കുന്ന അതി നിർണായകമായ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ കൊമ്പന്മാരെ വെല്ലുവിളിച്ച് ഗോവൻ പരിശീലകൻ സെർജിയോ ലൊബേരോ. മത്സരത്തിനു മുൻപ് മാധ്യമങ്ങളെ കണ്ടപ്പോൾ ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ സിങ്ങ്തോയുടെ വാക്കുകൾക്ക് മറുപടി പറയുകയായിരുന്നു ലൊബേരോ. ഗോവ എതിരാളികളെ ഗോൾ മഴയിൽ മുക്കുന്ന ടീമാണെങ്കിലും ഗോളുകൾ വഴങ്ങുന്ന കാര്യത്തിലും അവർ പുറകിലല്ലെന്നാണ് സിങ്ങ്തോ പറഞ്ഞത്. സിങ്ങ്തോയുടെ വാക്കുകളോട് ആരാണു കൂടുതൽ ഗോളുകൾ നേടുകയെന്നു നമുക്ക് കാണാമെന്നാണ് ലൊബേരോ പ്രതികരിച്ചത്.

“സിങ്ങ്തോയോടുള്ള എല്ലാ ബഹുമാനവും കൊണ്ടു തന്നെ ഞാൻ പറയുന്നു നാളെ ആരാണു കൂടുതൽ ഗോളുകൾ നേടുകയെന്നു നമുക്കു കണ്ടറിയാം. കൂടുതൽ ആക്രമിച്ചു കളിക്കുകയെന്നാൽ അതിന്റെയർത്ഥം കൂടുതൽ റിസ്ക് എടുക്കുന്നുവെന്നാണ്. ഗോവ ഗോൾ വഴങ്ങുന്ന ടീമെന്നതിനു പകരം ബ്ലാസ്റ്റേഴ്സ് ഞങ്ങൾക്കെതിരെ ഗോളുകൾ നേടുമെന്നായിരുന്നു സിങ്ങ്തോ പറയേണ്ടിയിരുന്നത്. എങ്കിൽ ഇതൊരു മികച്ച പോരാട്ടമാകുമെന്നു പ്രതീക്ഷിക്കാമായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ ഒരു ഗോളെങ്കിലും അധികം നേടാനായാൽ ഞാൻ സന്തോഷവാനായിരിക്കും.” ലൊബേര പറഞ്ഞു.

ആറു മത്സരങ്ങൾ ഇതു വരെ കളിച്ച ഗോവ പതിനെട്ടു ഗോളുകൾ ഇതുവരെ ടൂർണമെന്റിൽ നേടിക്കഴിഞ്ഞു. ഈ മത്സരങ്ങളിൽ നിന്നും ഒരു തോൽവിയും ഒരു സമനിലയും മാത്രം വഴങ്ങിയ ഗോവ പോയിന്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്. അതേ സമയം ടൂർണമെന്റിലിതു വരെ എട്ടു ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്. ഒരു തോൽവി മാത്രമേ വഴങ്ങിയിട്ടുള്ളുവെങ്കിലും ആറു മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമേ സ്വന്തമാക്കിയിട്ടുള്ളുവെന്നതാണ് ടീമിനു തിരിച്ചടിയായത്. കടലാസിൽ ഗോവക്കാണു മുൻതൂക്കമെങ്കിലും ഒരു അട്ടിമറി വിജയമാണു ഇന്നത്തെ മത്സരത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement