Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഇതു പണക്കൊഴുപ്പിന്റെ ബഹളമില്ലാത്ത കിടിലൻ കളി, തകർപ്പൻ ജയവുമായി ഗോകുലം കേരള

, 7:06 pm

ഐ ലീഗിൽ ഇന്നു നടന്ന മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്ത് ഗോകുലം കേരള. ഈ സീസണിൽ ടീമിന്റെ ആദ്യ വിജയമാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ചു പിറന്നത്. ഗാനി നിഗം, ജർമൻ, രാജേഷ് എന്നിവർ ഗോകുലത്തിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ ഷില്ലോങ്ങിന്റെ ആശ്വാസ ഗോൾ ബുവാം നേടി. വിജയത്തോടെ പോയിന്റ് നിലയിൽ നാലാം സ്ഥാനത്തേക്ക് ഗോകുലം ഉയർന്നു. ഇന്ത്യൻ താരങ്ങളെ വച്ചു മാത്രം ഐ ലീഗിൽ കളിക്കുന്ന ഷില്ലോങ്ങിന്റെ താരം ഗുരുങ്ങിന് അവസാന നിമിഷം ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്തു.

അടിപൊളി മുന്നേറ്റങ്ങളുമായി തുടങ്ങിയ ഗോകുലം പല തവണ ഗോളിനടുത്തെത്തിയെങ്കിലും ഫൈനൽ പാസിലെയും ഫിനിഷിങ്ങിലെയും പോരായ്മകളാണ് ലീഡെടുക്കുന്നതിൽ നിന്നും തടഞ്ഞത്. തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയ ഗോകുലത്തിനെ പ്രത്യാക്രമണങ്ങളിലൂടെ ഷില്ലോങ്ങും വിറപ്പിച്ചു കൊണ്ടിരുന്നു. ഇരു ടീമിന്റെയും ഗോൾകീപ്പർമാർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതി സമനിലയിലേക്കു പോയിക്കൊണ്ടിരിക്കെയാണ് കാസ്ട്രോയുടെ ഫ്രീ കിക്കിൽ നിന്നും അഡോയുടെ അസിസ്റ്റിൽ ഒരു ക്ലീൻ ഫിനിഷിങ്ങിലൂടെ ഗാനി നിഗം ഗോകുലത്തെ മുന്നിലെത്തിക്കുന്നത്.

മത്സരത്തിൽ മുന്നിലെത്തിയതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഗോകുലം രണ്ടാം പകുതി തുടങ്ങി പത്തു മിനുട്ടിനകം തന്നെ ലീഡുയർത്തി. രണ്ടു സുവർണാവസരങ്ങൾ തുലച്ചതിനു പ്രായ്ശ്ചിത്തം ചെയ്ത് മുൻ ബ്ലാസ്റ്റേഴ്സ് താരം ജർമനാണ് ഗോൾ നേടിയത്. ബോക്സിനുള്ളിൽ നിന്നും താരം ഉതിർത്ത കനത്ത ഷോട്ട് ഷില്ലോങ്ങ് താരത്തിന്റെ ദേഹത്തു തട്ടി വലയിൽ കയറുകയായിരുന്നു. അതിനു പിന്നാലെ രാജേഷ് നടത്തിയ മികച്ചൊരു ഒറ്റയാൻ നീക്കം ഗോളിലേക്കെത്തിക്കാൻ താരത്തിനു കഴിഞ്ഞില്ല.

അറുപത്തിയഞ്ചാം മിനുട്ടിൽ ഗോകുലത്തിന്റെ മൂന്നാം ഗോൾ പിറന്നു. ബോക്സിനു പുറത്തു കൂടി നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ സുഹൈറിന്റെ ക്രോസിൽ നിന്നും ഒരു ഫ്ളൈയിങ്ങ് കിക്കിലൂടെ രാജേഷാണ് മൂന്നാം ഗോൾ നേടിയത്. ആറു മിനുട്ടിനകം ജർമന്റെ തകർപ്പനൊരു പാസ് ബോക്സിൽ സുഹൈറിനെ തേടിയെത്തിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ചു പുറത്തു പോയി.

എഴുപത്തിയെട്ടാം മിനുട്ടിലാണ് ഷില്ലോങ്ങിന്റെ ആശ്വാസ ഗോൾ പിറന്നത്. ഗോകുലം പ്രതിരോധത്തെ കബളിപ്പിച്ച് സുക്തോങ്ങ് നൽകിയ പാസിൽ നിന്നും ബുവാമാണ് ഷില്ലോങ്ങിന്റെ ഗോൾ നേടിയത്. ഒരു ഗോൾ നേടിയ ശേഷം നിരവധി ആക്രമണങ്ങൾ ഷില്ലോങ്ങ് നടത്തിയെങ്കിലും ഗോകുലം പ്രതിരോധം ഉറച്ചു നിന്നു. ലീഡുയർത്താൻ സൽമാനു കിട്ടിയ ഒരവസം താരം തുലച്ചതോടെ മത്സരം ഈ സ്കോറിലൊതുങ്ങുകയായിരുന്നു.

Advertisement