Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

യുവന്റസിന്റെ ഫ്രീ കിക്കുകൾ റൊണാൾഡോക്കു മാത്രം അവകാശപ്പെട്ടതല്ല, നിർണായക തീരുമാനവുമായി അല്ലെഗ്രി

, 3:55 pm

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും ഒന്നാം നമ്പർ ഫ്രീ കിക്ക് ടേക്കർ ആയിരുന്നെങ്കിലും യുവന്റസിൽ റൊണാൾഡോക്ക് അക്കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടാവില്ലെന്നു വ്യക്തമാക്കി പരിശീലകൻ അല്ലെഗ്രി. യുവന്റസിനു ഇനി ലഭിക്കുന്ന ഫ്രീ കിക്കുകളിൽ ലോംഗ് റേഞ്ച് സ്വഭാവമുള്ളതു മാത്രമേ റൊണാൾഡോ എടുക്കുകയുള്ളുവെന്ന് പരിശീലകൻ പറഞ്ഞു. പെനാൽട്ടി ബോക്സിനടുത്തു വച്ചു ലഭിക്കുന്ന ഫ്രീ കിക്കുകൾ മറ്റു താരങ്ങളായ പ്യാനിച്ചും ഡിബാലയുമാണ് എടുക്കുകയെന്നും അല്ലെഗ്രി വെളിപ്പെടുത്തി.

ക്രിസ്ത്യാനോ മികച്ച താരമാണെങ്കിലും റോണോയെക്കാൾ മികച്ചതായി ഫ്രീ കിക്കുകൾ എടുക്കുന്നത് ഡിബാലയും പ്യാനിച്ചുമാണെന്നാണ് അല്ലെഗ്രിയുടെ അഭിപ്രായം. ഇക്കാര്യം റൊണാൾഡോക്കു തന്നെ അറിയാമെന്നും അതു കൊണ്ടു തന്നെ ഫ്രീ കിക്ക് എടുക്കുന്നതാരെന്ന തീരുമാനത്തിൽ റൊണാൾഡോക്ക് പ്രശ്നങ്ങളില്ലെന്നും അല്ലെഗ്രി പറഞ്ഞു. പെനാൽട്ടി ബോക്സിൽ നിന്നും മാറിയിട്ടുള്ള ഫ്രീ കിക്കുകൾ റൊണാൾഡോക്ക് എടുക്കാമെന്നും മറ്റു ഫ്രീ കിക്കുകൾ ഈ രണ്ടു താരങ്ങൾക്കാണെന്നും അല്ലെഗ്രി പറഞ്ഞു.

റൊണാൾഡോ യുവൻറസിലെത്തിയതിനു ശേഷം ഇറ്റാലിയൻ ക്ലബിന്റെ ഫ്രീ കിക്കുകൾ മുഴുവൻ താരമായിരിക്കും എടുക്കുകയെന്ന ആരാധകരുടെ പ്രതീക്ഷയെ തകർക്കുന്നതാണ് പുതിയ തീരുമാനം. അതേ സമയം ഇറ്റാലിയൻ ലീഗിൽ ആദ്യ സീസൺ കളിക്കുന്ന റൊണാൾഡോ തന്റെ ഫോം കണ്ടെത്തിക്കഴിഞ്ഞു. ഈ സീസണിൽ യുവൻറസിനു വേണ്ടി ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരം സീരി എയിൽ ഗോളുകളുടെയും അസിസ്റ്റുകളുടെയും കാര്യത്തിൽ യുവന്റസിലെ ഒന്നാം സ്ഥാനക്കാരനാണ്.

Advertisement