Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ആദ്യം ആക്രമിക്കാൻ പഠിക്കുക, എന്നിട്ട് കലിപ്പടക്കുക; ബ്ലാസ്റ്റേഴ്സിനു വേണ്ടത് മികച്ചൊരു ആക്രമണ തന്ത്രം

, 3:59 pm

പുതിയ സീസൺ ഐഎസ്എൽ തുടങ്ങാൻ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കെ പുതിയ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ നിൽക്കുന്നത്. രണ്ടു തവണ ഫൈനലിൽ കൈവിട്ട കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കണമെന്നു തന്നെയാണ് ആരാധകരുടെ ആവശ്യം. പുതിയ നിരവധി താരങ്ങളെ ടീമിലെത്തിച്ച് മികച്ച തയാറെടുപ്പുകൾ നടത്തിയ ബ്ലാസ്റ്റേഴ്സിന് കിരീടം സ്വന്തമാക്കാനുള്ള കരുത്തുണ്ടെങ്കിലും കളിക്കളത്തിൽ അതു കാണിക്കാനാകുമോയെന്നാണ് ഇനി അറിയേണ്ടത്. ഐഎസ്എല്ലിലെ എല്ലാ ടീമുകളും മികച്ച രീതിയിൽ തന്നെയാണു ടൂർണമെന്റിനായി തയ്യാറെടുത്തിട്ടുള്ളെന്നതു കൊണ്ട് ഇത്തവണ പോരാട്ടം മുറുകുമെന്നു തന്നെയാണു സൂചനകൾ. കഴിഞ്ഞ തവണത്തെ ടൂർണമെന്റിൽ പല വിധ കാരണങ്ങൾ കൊണ്ട് അമ്പേ പതറിപ്പോയ ടീമിന്റെ ഒരു ഗംഭീര തിരിച്ചുവരവിനാണ് ബ്ലാസ്‌റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത്. അതിനു പ്രധാനമായും വേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിരയുടെ മൂർച്ച കൂട്ടുകയാണ്.

കഴിഞ്ഞ തവണത്തെ ഐഎസ്എൽ ടൂർണമെന്റിലെ ഏറ്റവും ശോകമായ ആക്രമണ നിരയായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. പതിനെട്ടു മത്സരങ്ങളിൽ നിന്നും വെറും 147 തവണയാണ് ബ്ലാസ്റ്റേഴ്സ് എതിർ ടീമിനെതിരെ ഷോട്ടുതിർത്തത്. അതായത് ഒരു മത്സരത്തിൽ പത്തു ഷോട്ടു പോലും ടീമിന്റെ മുന്നേറ്റനിരക്കു ലക്ഷ്യം വെക്കാൻ കഴിഞ്ഞിരുന്നില്ല. ടൂർണമെന്റിൽ കടുത്ത പ്രതിരോധ തന്ത്രങ്ങളിലൂന്നി കളിച്ച ജംഷഡ്പൂർ എഫ്സി ബ്ലാസ്റ്റേഴ്സിനേക്കാൾ 37 ഷോട്ടുകൾ അധികം അടിച്ചിട്ടുണ്ടെന്നതാണ് വസ്തുത. റെനെ മ്യുളസ്റ്റീനു കീഴിൽ ബോറൻ കളിയായിരുന്നു ബാഴ്സ കാഴ്ച വെച്ചതെങ്കിൽ ഡേവിഡ് ജയിംസ് ടീമിലെത്തിയപ്പോൾ മധ്യനിരയിലാണ് കളിയില്ലാതെയായത്. ക്രിയാത്മകമായ മധ്യനിരയില്ലാതെ ലോംഗ് ബോളുകൾ കൊണ്ടു മാത്രം കളിക്കുന്ന ജയിംസിന്റെ ശൈലിക്കെതിരെ ബെർബറ്റോവ് വിമർശനമുന്നയിച്ചതും ഇതിനോടു ചേർത്തു നിർത്താവുന്നതാണ്.

പരിക്കു മാറി തിരിച്ചെത്തുന്ന കിസിറ്റോക്കു പുറമേ പെകൂസനും കൂടി ചേരുന്നതോടെ ടീമിന്റെ മധ്യനിരയും സ്ളാവിസ, പോപ്ലാട്നിക് എന്നീ വിദേശതാരങ്ങൾ ഒരുമിച്ചു ചേരുന്നതോടെ ആക്രമണ നിരയും അതിശക്തമാകുമെന്ന പ്രതിക്ഷയിലാണ് ആരാധകർ. പ്രതിരോധത്തിൽ ജിംഗൻ, അനസ്, ലാൽറുവാത്താര എന്നീ കരുത്തർക്കു പുറമേ ഫ്രഞ്ച് താരം കാലിയും ചേർന്നാൽ ഏതു ആക്രമണത്തിന്റെയും മുനയൊടിക്കാൻ ബ്ലാസ്‌റ്റേഴ്സിനു കഴിയും. മികച്ച താരങ്ങളുണ്ടെന്നതു കൊണ്ടു തന്നെ വിരസമായ ലോംഗ്ബോൾ സ്ട്രാറ്റജി ഇത്തവണ ടീമിൽ നിന്നും ഉണ്ടാവില്ലെന്നു നമുക്കു പ്രതീക്ഷിക്കാം. മാസങ്ങളോളം ടീമിനെ പഠിക്കാൻ അവസരം ലഭിച്ച ഡേവിഡ് ജയിംസിനു കീഴിൽ ഒരു സ്വന്തം ശൈലി ഉണ്ടാക്കിയെടുത്ത് ബ്ലാസ്റ്റേഴ്സ് വിജയങ്ങൾ നേടുമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.

Advertisement