Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

മെസിയുടെ ആരാധനാപാത്രം പറയുന്നു, ഇന്ത്യൻ യുവനിര പുലിക്കുട്ടികൾ

, 12:54 pm

ലയണൽ മെസിയുടെ ആരാധനാപാത്രമാണ് അർജൻറീനിയൻ താരം പാബ്ലോ അയ്മർ. താൻ കളിക്കളത്തിൽ അനുകരിക്കാൻ ശ്രമിച്ചിട്ടുള്ള ശൈലി അയ്മറുടേതാണെന്ന് മെസി പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ യുവനിര കോടിഫ് കപ്പിൽ അർജൻറീനയെ തകർത്തു വിട്ടപ്പോൾ ലാറ്റിനമേരിക്കൻ ടീമിനൊപ്പം അയ്മറുമുണ്ടായിരുന്നു. ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായാണ് മുൻ ബെനഫിക്ക താരം കോടിഫ് കപ്പിനെത്തിയത്. കോടിഫ് കപ്പിനു ഇന്നലെ തിരശീല വീണപ്പോൾ ഇന്ത്യൻ ടീമിനും താരങ്ങൾക്കും പ്രശംസയുമായി അയ്മറും അർജൻറീനിയൻ ടീമിന്റെ മുഖ്യ പരിശീലകനായ ലയണൽ സ്കൊളാനിയും രംഗത്തെത്തി. റഷ്യക്കെതിരായ ഫൈനൽ മത്സരം വിജയിച്ച് കിരീടം നേടിയതിനു ശേഷമാണ് ടൂർണമെന്റിൽ അർജന്റീനയെ ഞെട്ടിച്ച ഇന്ത്യൻ ടീമിനെ ഇരുവരും പ്രശംസ കൊണ്ടു മൂടിയത്.

U20 ടീം അർജൻറീനക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും മത്സരത്തിൽ വിജയം നേടണമെന്ന ആഗ്രഹം ഓരോ നീക്കത്തിലും പ്രകടമാക്കിയാണ് ഇന്ത്യൻ താരങ്ങൾ മൈതാനത്തുണ്ടായിരുന്നതെന്നും അയ്മർ പറഞ്ഞു. ഇന്ത്യയുടെ സീനിയർ ടീമുമായും മത്സരങ്ങൾ കളിക്കാൻ അർജൻറീനക്കു താൽപര്യമുണ്ടെന്ന് അയ്മർ അറിയിച്ചു. ഇന്ത്യയിൽ വെച്ചോ അർജന്റീനയിൽ വെച്ചോ മത്സരം കളിക്കാൻ തയ്യാറാണെന്നും അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും സമീപ ഭാവിയിൽ തന്നെ അതു നടക്കുമെന്നാണ് പ്രതീക്ഷയെന്നും അയ്മർ കൂട്ടിച്ചേർത്തു. അർജന്റീനക്കെതിരായ മത്സരത്തിന്റെ അറുപതാം മിനിട്ടിൽ തന്നെ പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കൈവിടാതെയാണ് ഇന്ത്യ ലാറ്റിനമേരിക്കൻ ശക്തികളെ മലർത്തിയടിച്ചത്.

രണ്ടു ഇന്ത്യൻ താരങ്ങളെ പേരെടുത്തു പ്രശംസിച്ചാണ് അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്കൊളാനി ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചത്. അമർജിത് സിംഗ്, ജെക്സൺ സിംഗ് എന്നിവരെയാണ് അർജന്റീനിയൻ പരിശീലകൻ അഭിനന്ദിച്ചത്. ഇന്ത്യൻ യുവതാരങ്ങൾ ഇതേ നിലവാരത്തിലുള്ള പ്രകടനം തുടരുകയാണെങ്കിൽ രണ്ടു മൂന്നു വർഷങ്ങൾക്കു ശേഷം വലിയൊരു ലോകം അവരെ കാത്തിരിക്കുന്നുണ്ടെന്ന് സ്കൊളാനി പറഞ്ഞു. കളിക്കളത്തിനകത്തും പുറത്തും തികച്ചും മര്യാദയുള്ള പെരുമാറ്റമായിരുന്നു ഇന്ത്യൻ ടീമിന്റെതെന്നും അവരുടെ യുവനിരയെ നേരിടാനായതിൽ സന്തോഷമുണ്ടെന്നും സ്കൊളാനി പറഞ്ഞു.

Advertisement