Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

വീണ്ടും വില്ലനായി റാമോസ്, എതിർതാരത്തിന്റെ മൂക്കിടിച്ചു തകർത്തു

, 4:37 pm

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സലാക്കെതിരെ നടത്തിയ ഫൗളിന്റെ പേരിൽ ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗത്തിന്റെ അപ്രീതിക്കു കാരണമായ താരമാണ് റാമോസ്. ഫുട്ബോളിലെ ഏറ്റവും മോശം കളിക്കാരനാണു റാമോസെന്നാണ് ആരാധകരിൽ വലിയൊരു ഭാഗവും ഇതിനു ശേഷം അഭിപ്രായപ്പെട്ടിരുന്നത്. ഇന്നലെ വിക്ടോറിയ പ്ലസനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സമാനമായ മറ്റൊരു സംഭവത്തിൽ റാമോസിനെതിരെ വീണ്ടും ആരാധകരുടെ രോഷം ഉയരുകയാണ്. മത്സരത്തിനിടെ വിക്ടോറിയ പ്ലസന്റെ പ്രതിരോധ താരം മിലൻ ഹാവലിന്റെ മൂക്ക് റാമോസ് ഇടിച്ചു തകർത്തതാണ് ആരാധകരുടെ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.

മത്സരത്തിൽ ഹാവലും റാമോസും പന്തിനു വേണ്ടി പോരാടുന്നതിനിടെ താരത്തിന്റെ കൈമുട്ട് ഹാവലിന്റെ മൂക്കിൽ തന്നെ കൃത്യമായി ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്നും രക്തമൊഴുകിയ താരം നിലത്തു വീണ് തുടർന്ന് മത്സരത്തിൽ നിന്നും പുറത്തു പോവുകയായിരുന്നു. ചുവപ്പുകാർഡ് വരെ ലഭിക്കാമായിരുന്ന ഫൗളായിട്ടും ഒരു ശിക്ഷാ നടപടിയും ഉണ്ടാവാതെ റാമോസ് രക്ഷപ്പെടുകയും ചെയ്തു. മത്സരത്തിനു ശേഷം നിരവധി ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തി.

സംഭവത്തിൽ റാമോസ് ഹാവലിനോട് ക്ഷമാപണം നടത്തിയിരുന്നു. മത്സരത്തിനിടയിൽ വച്ച് അത്തരമൊരു ചലഞ്ച് നടത്താൻ പാടില്ലായിരുന്നുവെന്നും ഹാവൽ പെട്ടെന്നു തന്നെ സുഖം പ്രാപിക്കുമെന്നു കരുതുന്നുവെന്നും റാമോസ് പറഞ്ഞു. ഓരോ മത്സരത്തിലും ഫുട്ബോൾ ഓരോ പാഠങ്ങൾ നമ്മെ പഠിപ്പിക്കുമെന്നും മിലൻ ഹാവലിനു പരിക്കേൽപ്പിക്കണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും റാമോസ് ട്വിറ്ററിൽ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിക്ടോറിയ പ്ലസനെ തോൽപിച്ചത്. താൽക്കാലിക പരിശീലകൻ സൊളാരിയുടെ കീഴിൽ കളിച്ച മൂന്നു മത്സരങ്ങളിലും വിജയം നേടി തിരിച്ചു വരവിന്റെ സൂചനകൾ റയൽ നൽകുന്നുണ്ട്.

Advertisement